തൃശൂര്‍: കൊവിഡ് ഭേദമായി തൃശൂരിൽ മൂന്ന് പേര്‍ ആശുപത്രി വിട്ടു. ഫ്രാൻസിൽ നിന്ന് എത്തിയ ദമ്പതികളും കൂട്ടത്തിലുണ്ട്.  പരിശോധനാ ഫലം തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്ജ് ചെയ്തത്. അടുത്ത 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ഫ്രാൻസില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളാണ് ആശുപത്രി വിട്ടത്. അടുത്തിടെ വിവാഹിതരായ ഇരുവരും കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതിനാൽ ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ സമ്പര്‍ക്കത്തിലൂടെ മറ്റാരിലേക്കും രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തൽ.

ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയാണ് ആശുപത്രി വിട്ട മൂന്നാമത്തെയാള്‍. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.ഇനി 6 പേര്‍ കൂടി ആശുപത്രിയിൽ ചികിത്സയിലുണ്ട്. 15000 ത്തോളം പേരാണ്  ജില്ലയിൽ നിരീക്ഷണത്തിലുളളത്. ഇതിൽ ആശുപത്രിയിലുള്ളത് 37 പേർ.  ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക