ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 4 പേ‌‌‍‌ർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രോഗം സ്ഥിരീകരിച്ച നാലാമൻ അബുദാബിയിൽ നിന്നും മടങ്ങിയെത്തയ ആളാണ്.

മുംബൈയിൽ നിന്നും മടങ്ങിയെത്തിയ കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തകഴി സ്വദേശികളാണ് ഇവർ. മാതാപിതാക്കളും മകനും അടങ്ങുന്ന കുടുംബം മെയ് 22ന് ട്രെയിൻ മാർഗമാണ് എറണാകുളത്തെത്തിയത്. തുടർന്ന് വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.

അബുദാബിയിൽ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യുവാവാണ് കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെ ആൾ. ചേർത്തല താലൂക്ക് സ്വദേശിയായ ഇയാൾ ഹോം ക്വാറൻ്റീനിൽ ആയിരുന്നു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രയിലേക്ക് മാറ്റി. നിലവിൽ 16 പേരാണ് ആലപ്പുഴ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. നിലവിൽ 4349 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്.