തിരുവനന്തപുരം: യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നുമെത്തിയ കോവിഡ് 19 രോഗബാധിതരായ തിരുവനന്തപുരം സ്വദേശികളുടെ  യാത്രയുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ ആൾ  ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം മ‍ടങ്ങിയത് ഓട്ടോയിലാണ് ഇയാൾ രണ്ട് കടകളിലും കയറിയിട്ടുണ്ട്.

യുകെയിൽ നിന്ന് തിരിച്ചെത്തിയ വ്യക്തിയുടെ യാത്രാ വിവരങ്ങൾ

പതിനൊന്നാം തീയതി രാവിലെ 10.30ന് കെഎൽ 01 സിബി 4026 നമ്പർ ഓട്ടോയിലാണ് ഇയാൾ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ‌ഞ്ചരിച്ചത്. കൈതമുക്ക് കോ ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തുള്ള രണ്ട് കടകളിലാണ് ഇയാൾ കയറിയതെന്നും ജില്ലാ ഭരണകൂടത്തിന്‍റെ ഫ്ലോചാർട്ടിൽ പറയുന്നു. 

ഇറ്റലിയിൽ നിന്ന് വന്നയാൾ പതിനൊന്നാം തീയതി 1. 40 മെഡിക്കൽ കോളേജ് പരിസരത്തെ ജ്യൂസ് ഷോപ്പിലും സമുദ്ര മെഡിക്കൽസിലും ചെന്നിട്ടുണ്ട്. ഇവിടെ നിന്ന്  ഓട്ടോയിൽ പേരൂർക്കടയിലെ പെട്രോൾ പമ്പിലും അവിടെ നിന്ന് വെള്ളനാടേക്കും പോയി. 

ഇറ്റലിയിൽ നിന്ന് വന്നയാളുടെ യാത്രാ വിവരങ്ങൾ

യുകെയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച ഇറ്റലി സ്വദേശി താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടിയിട്ടുണ്ട്. റിസോർട്ടിലെ ജീവനക്കാരും ടൂർ ഗൈഡുകളും ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലാണ്. വർക്കലയിലും കോവളത്തുമുള്ള മുഴുവൻ വിദേശികളും നിരീക്ഷണത്തിലാണ്. 

കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ഴിഞ്ഞമാസം 27നാണ് ദില്ലി വഴി തിരുവനന്തപുരത്ത് എത്തുന്നത്. എല്ലാ വർഷവും ഇയാൾ ഈ സമയം വർക്കലയിലെത്താറുണ്ട്. തിങ്കളാഴ്ച്ച മടങ്ങിപോകാനിരിക്കെയാണ് രോഗം സ്ഥിരീകരിക്കുന്നത്. പത്തനംത്തിട്ടയിലെ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് പൊലീസും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. അഞ്ചാം തീയതി വർക്കലയിലെ താലൂക്ക് ആശുപത്രിയിലും പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇറ്റലി സ്വദേശിയെ പരിശോധനയ്ക്ക് വിധേയനാക്കി.

രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ സാമ്പിൾ ശേഖരിച്ച് റിസോർട്ടിൽ നിരീക്ഷണത്തിൽ വിട്ടു. സാമ്പിൾ ഫലം പോസിറ്റീവായതോടെയാണ് പാരിപ്പിള്ളി മെഡിക്കൽ കോളെജിലേക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് റിസോർട്ടിലേക്ക് തിരികെപോയത് ഓട്ടോയിലാണ്. റിസോർട്ടിലെ ജീവനക്കാർ, ടൂർ ഗൈഡുകൾ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലാണ്.

യുകെയിൽ നിന്നും പത്തിന് തിരുവനന്തപുരത്ത് എത്തിയ യുവാവ് ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ സഹോദരിയടക്കമുള്ള ബന്ധുക്കൾ നിരീക്ഷമണത്തിലാണ്. ഇറ്റലിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ രോഗിയുടെ നില തൃപ്തികരമാണ്. ഇയാളുടെ അച്ഛനും നിരീക്ഷണത്തിലാണ്.