തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും മാർച്ച് 31 വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കോവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്ലാനറ്റോറിയവും മാർച്ച് 31 വരെ അടച്ചിടും

പതിനാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാർ ഡാം, എന്നിവ കഴിഞ്ഞ ദിവസം അടച്ചു. വിഴിഞ്ഞം ലൈറ്റ് ഹൗസിൽ സന്ദർശകരെ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകരെ നിരോധിച്ചിട്ടുണ്ട്.

കൊല്ലത്തെ ജഡായു പാറയിലേക്കും ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പെരിയാർ ടൈഗർ റിസർവിലേക്കും ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. മൂന്നാറും വാഗമണും അടക്കമുള്ള സ്ഥലങ്ങൾ കനത്ത ജാഗ്രതയിലുമാണ്. പെരിയാർ ടൈഗർ റിസർവിനകത്തുള്ള തേക്കടിയിലെ ബോട്ടിംഗ്, ഗവി യാത്ര, പരിസ്ഥിതി ക്യാമ്പുകൾ, ഗസ്റ്റ് ഹൗസുകളുടെ സേവനം എന്നിവയാണ് മാർച്ച് 31 വരെ നിരോധിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക