തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്ക് പുറമെ വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 21 ആയി. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കൊവിഡ് രോഗബാധ തടയാൻ അതിർത്തി ജില്ലകളിൽ ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. റെയിൽവെ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതത് സ്റ്റേഷനുകളിൽ പരിശോധിക്കാനാണ് തീരുമാനം. ഇതിന് പൊലീസിന്റെ കൂടി സഹായം ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മൂന്നാർ സംഭവം വിവാദമാക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗ പ്രതിരോധത്തിന് ഭഗീരഥ പ്രവർത്തനമാണ് നടത്തുന്നത്. ബ്രിട്ടൻ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായത് ഇന്നലെ രാത്രിയാണ്. വിദേശത്തു നിന്നു വന്നവരിൽ പലരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 5150 വിദേശികളെത്തിയിട്ടുണ്ട്. സർക്കാരിന്റെ നിർദേശം പാലിച്ചില്ലെങ്കിൽ വിദേശത്ത് നിന്ന് എത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വലിയൊരു ഉത്കണ്ഠയും ഭയവും ജനങ്ങളിൽ സൃഷ്ടിക്കാൻ സാധിക്കില്ല. ജനങ്ങളുടെ ജീവിത പ്രവർത്തി നടക്കണം. ഒരുപാട് ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ ഒഴിവാക്കണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ഒരു ജീവിത പ്രവർത്തിയും പാടില്ലെന്നല്ല നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

റിസോര്‍ട്ടുകള്‍, ഹോം-സ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന വിദേശികളുടെ യാത്രാവിവരങ്ങളെപ്പറ്റി അവര്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണം. കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായിട്ടുള്ള വിദേശികള്‍ക്ക് പരിശോധനാഫലം നെഗറ്റീവായതിന് ശേഷം മാത്രമേ തുടര്‍ യാത്രയ്ക്ക് അനുമതി നല്‍കാവൂ. കേരളത്തിലെത്തുന്ന വിദേശ പൗരന്‍മാരുടെ കൃത്യമായ വിവരം ജില്ലാഭരണകൂടങ്ങള്‍ക്ക് സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്നും ശേഖരിച്ചു നല്‍കേണ്ടതാണ്.

ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസ് സാധാരണ നിലയിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ എടുക്കണം. അടച്ചിടുന്ന സ്ഥിതിയുണ്ടാകരുത്. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.

അതിര്‍ത്തി കടന്നുവരുന്ന ട്രെയിനുകളിലെ പരിശോധന ശക്തമാക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ എക്സിറ്റ് പോയിന്‍റായിട്ടുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തുന്നതിന് സംവിധാനം ഒരുക്കും. ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂടുതല്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ വളണ്ടിയര്‍മാരെ വിന്യസിക്കും. നാം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യം മനസ്സിലാക്കി യാത്രക്കാര്‍  പരിശോധനയ്ക്ക് സഹകരിക്കണം.

കൂടുതല്‍ വോളണ്ടിയര്‍മാരെ ഉപയോഗിക്കുകയും പുതിയ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.

വിവിധ മതസ്ഥരുടെ ആരാധനായലങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടര്‍മാര്‍ എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണം. ജനങ്ങള്‍ കൂട്ടം ചേരുന്ന മതപരമായതുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പൊതു അഭ്യര്‍ത്ഥന യോഗത്തില്‍ നടത്തും. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കുമെന്നും മന്ത്രി പറഞ്ഞു.