മുന്നാര്‍ : കൊവിഡ് ബാധിതനായ ബ്രിട്ടൺ സ്വദേശിയും സംഘവും മൂന്നാറിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവം അതീവ ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ . രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രത്യേക നിരീക്ഷണത്തിലായിരുന്നു വിദേശ വിനോദ സഞ്ചാരികളുടെ സംഘം.  ഇത്തരത്തിൽ കര്‍ശന നിരീക്ഷണത്തിൽ കഴിയവെ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുമ്പാശേരിയിൽ എത്തിയത്. 

ഐസൊലേഷനിൽ കഴിയുന്ന രോഗിയേയും സംഘത്തേയും ഹോട്ടലിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയത് സ്വകാര്യ വാഹനത്തിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ ട്രാവൽ ഏജന്‍റ് ഒത്താശ ചെയ്തെന്ന വിവരവും ജില്ലാ ഭരണകൂടത്തിന് ഉണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്നാര്‍ ടൗണിൽ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ടി കൗണ്ടി ഹോട്ടലിലാണ് സംഘം താമസിച്ചിരുന്നത്. ആറാം തീയതി കൊച്ചിയിലെത്തിയ സംഘം പത്തിനാണ് മൂന്നാറിലെത്തിയത്. ടാറ്റ ആശുപത്രിയിൽ പനിയടക്കമുള്ള രോഗ ലക്ഷണങ്ങൾക്ക് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് സാമ്പിൾ ശേഖരണം നടത്തി ഹോട്ടലിൽ തിരികെ എത്തിച്ച് നിരീക്ഷണത്തിൽ വക്കുകയായിരുന്നു. സബ് കളക്ടര്‍ പലതവണ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ട് ഒരു കാരണവശാലും പുറത്ത് വിടരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

നാട്ടിൽ പോകണമെന്ന് ബഹളം വച്ച വിദേശിയും സംഘവും കൊച്ചിയിലേക്ക് കടക്കുകയായിരുന്നു എന്നാണ് ഹോട്ടൽ അധികൃതര്‍ പറയുന്നത്. എന്നാലിക്കാര്യം അധികൃതരെ സമയത്ത് അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമല്ല. രണ്ടാം പരിശോധനാ ഫലം പൊസിറ്റീവായി വിദേശ സഞ്ചാരിയെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് മൂന്നാറിൽ നിന്ന് സംഘം കടന്ന് കളഞ്ഞ വിവരം ഇടുക്കി ജില്ലാ ഭരണകൂടം അറിയുന്നത്. ഉടൻ തന്നെ ഇടുക്കി കളക്ടര്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് വിവരം കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൽ നിന്ന് ആളെ പുറത്തിറക്കുന്നത് അടക്കമുള്ള നടപടി ക്രമങ്ങൾ നടത്തിയത്. 

സംഭവത്തെ തുടര്‍ന്ന മൂന്നാറിലെ മുഴുവൻ റിസോർട്ടുകളിലെയും വിദേശ വിനോദ സഞ്ചാരികളുടെ ബുക്കിംഗ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന്  വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മൂന്നാറിൽ നടന്ന അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാറിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഹോംസ്കൾ ഉണ്ട്. അവയുടെ വിവരങ്ങൾ ശേഖരിച്ച് ഇവിടങ്ങളിൽ താമസിച്ച് വന്നിരുന്നവർ ആരൊക്കെയാണെന്ന വിവരങ്ങൾ ലഭ്യമാക്കണമെന്നും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കൊവിഡ് പശ്ചാത്തലത്തിൽ ആനച്ചാൽ, ചിന്നക്കനാൽ തുടങ്ങിയ ഇടങ്ങളിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും വിവിധ വകുപ്പുദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക