തിരുവനന്തപുരം: നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലയളവിന് ശേഷം സർവകലാശാലാ പരീക്ഷകൾ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ. മെയ് രണ്ടാം വാരമടക്കം നടക്കേണ്ട പരീക്ഷകൾ അതാത് സമയത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നത്. അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിസിമാരുടെ യോഗത്തിൽ എടുക്കുമെന്നും മന്ത്രി 'കര കയറാൻ' എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേകപരിപാടിയിൽ പറഞ്ഞു. മെയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗൺ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ മാത്രമേ ഈ തീരുമാനം മാറൂ എന്നും മന്ത്രി വ്യക്തമാക്കുന്നു. 

വൈകാതെ സർവകലാശാലകൾ പുതുക്കിയ അക്കാദമിക് കലണ്ടറുകൾ പ്രസിദ്ധീകരിക്കും. അസാപിന്‍റെ നേതൃത്വത്തിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങുകയാണ്. ഗവേഷകവിദ്യാർത്ഥികൾക്ക് ലൈബ്രറികൾ തുറന്നുകൊടുക്കാനാകുമോ എന്ന് പരിശോധിക്കും. അതിൽ വൈസ് ചാൻസലർമാരുമായി ചർച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്താമെന്നും കെ ടി ജലീൽ വ്യക്തമാക്കി. 

നിലവിൽ കണ്ണൂർ സർവകലാശാല യുജി, പിജി പരീക്ഷകൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അവിടെ മൂല്യനിർണയമാണ് നടക്കാൻ ബാക്കിയുള്ളത്. കോഴിക്കോട് സർവകലാശാലയിൽ യുജി പരീക്ഷകൾ നടന്നു, പിജി പരീക്ഷകൾ നടക്കാൻ ബാക്കിയുണ്ട്. കേരള സർവകലാശാലയിലാണ് വിവിധ യുജി പരീക്ഷകൾ ബാക്കിയുള്ളത്. പ്രത്യേകിച്ച് യുജി അവസാന സെമസ്റ്റർ പരീക്ഷകൾ.

ഈ പരീക്ഷകൾ മെയ് മൂന്നിന് ശേഷം തന്നെ നടത്താനാണ് തീരുമാനം. ഓൺലൈനായി പരീക്ഷകൾ നടത്തുന്നതിന് നിലവിൽ സാങ്കേതിക പരിമിതികളുണ്ട്. നടത്തുകയാണെങ്കിൽ ഒബ്‍ജക്റ്റീവ് രീതിയിൽ നടത്തേണ്ടി വരും. വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ വേണ്ട പരീക്ഷകളിൽ എന്ത് ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നത് - മന്ത്രി പറഞ്ഞു. 

ഓൺലൈൻ മൂല്യനിർണയം നടത്താനാകുമോ എന്ന കാര്യവും പരിശോധിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കേന്ദ്രീകൃതമൂല്യനിർണയങ്ങളെല്ലാം നിർത്തി വച്ചിരിക്കുകയാണ്. ഹോം ഇവാല്യുവേഷൻ മാത്രമാണ് നടക്കുന്നത്. അതിനാൽ വീട്ടിലേക്ക് ഉത്തരക്കടലാസുകൾ ഓൺലൈനായി എത്തിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

തത്സമയസംപ്രേഷണം: