Asianet News Malayalam

പ്രതിദിന മരണസംഖ്യ ഏറ്റവും ഉയർന്ന ദിനം, ഇന്ന് 142 മരണം, 29,673 പേർക്ക് കൂടി കൊവിഡ്, 41,032 പേർക്ക് രോഗമുക്തി

കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് ഡൌൺ മെയ്‌ 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. 

COVID 19  updates cm pinarayi vijayan press meet
Author
Kerala, First Published May 21, 2021, 6:04 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  29,673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 41,032 പേർ രോഗമുക്തി നേടി, 142  മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആ‍ർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതൽ ടിപിആ‍ർ മറ്റു ജില്ലകളിൽ ടിപിആ‍ർ കുറഞ്ഞു വരികയാണ്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് ഡൌൺ മെയ്‌ 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലകളിലെ കൊവിഡ് കണക്ക് 

തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ 

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. തൃശ്ശൂ‍ർ, എറണാകുളം, തിരുവനന്തപും ജില്ലകളിൽ ടിപിആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിൽ നാളെ മുതൽ ട്രിപ്പിൽ ലോക്ക് ഡൗൺ ഒഴിവാക്കും. സാധാരണ ലോക്ക് ഡൗൺ തുടരും.

ട്രിപ്പിൾ ലോക്ക്ഡൗണിലും മലപ്പുറത്ത് ടിപിആർ കുറഞ്ഞില്ല. അവിടെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും പൊലീസ് കുറേക്കൂടി ജാ​ഗ്രതയോടെ അവിടെ നീങ്ങണം .എഡിജിപി ലോ ആൻഡ് ഓർഡർ മലപ്പുറത്തേക്ക് പോയും. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാംപ് ചെയ്യും. ഭക്ഷ്യ,സിവിൽ സപ്ലൈസ്.എഫ്സിഐ തുടങ്ങിയ വിവിധ വകുപ്പുകളിലെ ജീവനക്കാരെ വാക്സിനേഷനുള്ള മുൻ​ഗണനാ വിഭാ​ഗത്തിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വി​ദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് വാക്സിൻ നിർബന്ധമാണെങ്കിൽ അതുനൽകും. വിദേശത്ത് പോകുന്നവർക്ക് സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നൽകിയാൽ അങ്ങനെ ചെയ്തു കൊടുക്കും. ബ്ലാക്ക് ഫം​ഗസ് ചികിത്സയ്ക്ക് വേണ്ട മരുന്നിൻ്റെ സംഭരണം ഉറപ്പാക്കും. അതിനായി ബോധവത്കരണവും സംഘടിപ്പിക്കും. ബ്ലാക്ക് ഫം​ഗസ് നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതിൽ കൂടുതലായി രോ​ഗം വ‍ർധിച്ചിട്ടില്ല.

കൊവിഡ് വൈറസുകൾ ​ഗ്ലൂക്കോസ് ഉപയോ​ഗിക്കുന്നത് തടഞ്ഞ് വൈറസുകൾ പെരുകുന്നത് തടയുന്ന മരുന്ന് ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ട്.​ ​ഗുരുതരാവസ്ഥയിൽ അല്ലാത്ത രോ​ഗികളുടെ ഓക്സിജൻ ആശ്രയത്വം കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിൻ്റെ അരലക്ഷം ഡോസിന് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻഓർഡർ നൽകി. ജൂണിൽ മരുന്ന് കിട്ടും എന്നാണ് പ്രതീക്ഷ. കേരളത്തിൽ തന്നെ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നു. വിവിധ കമ്പനികളുമായി സർക്കാർ ചർച്ച നടത്തിവരികയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറളജി ക്യാംപസിൽവാക്സിൻ ഉത്പാദ​നം നടത്തുകയാണ് ലക്ഷ്യം. 

എല്ലാ ആദിവാസി കോളനികളിലും അവശ്യസാധങ്ങളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കണം. സാധനങ്ങൾ വാങ്ങാൻ ആദിവാസികൾ കോളനികളിൽനിന്നും പുറത്തു പോകുന്നത് ഈ ഘട്ടത്തിൽ പ്രശ്നമാവും. അതിനാൽ അവർക്ക് വേണ്ട സാധനങ്ങൾ കോളനികളിൽ എത്തിക്കണം. അതോടൊപ്പം അധ്യായന വർഷം ആരംഭിക്കാനിരിക്കുകയാണ്. പാഠപുസ്തകങ്ങളെല്ലാം റെഡിയായിട്ടുണ്ട്. പുസ്തകങ്ങൾ വാഹനങ്ങളിൽ കൊണ്ടു പോകുന്നത് അവശ്യസർവ്വീസായി പ്രഖ്യാപിക്കും. 

രാജ്യത്തെ ഒരു ദിവസത്തെ കൊവിഡ് കേസുകൾ ഏകദേശം രണ്ടരലക്ഷമാണ്. മരണസംഖ്യ 3700-ന് അടുത്താണ്. രാജ്യത്തെ പൊതുസ്ഥിതി ഇപ്പോഴും മെച്ചമല്ല. നമ്മുടെസംസ്ഥാനത്തിന്റെ സ്ഥിതി ഇതിലും മോശമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് നമ്മളാണ്. കർണാടകയിൽ ഇന്നലെ 28869 കേസുകളും 548 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 29911 കേസുകളും 738 മരണങ്ങളും തമിഴ്നനാട്ടിൽ 39571 കേസുകളും 397 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇങ്ങനെയൊരു സ്ഥിതി ഒഴിവാക്കാനാണ് നമ്മൾ തുടക്കം മുതൽ ശ്രദ്ധിക്കുന്നത്. രോഗവ്യാപനം നിയന്ത്രിച്ചു നിർത്താൻ പറ്റുന്നതിനാലാണ് മരണനിരക്ക് കുറയുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ പെട്ടെന്ന് കേസുകൾ കൂടുകയും കുറയുകയും ചെയ്യുന്നു. എന്നാൽ കേരളത്തിൽ ഈ പ്രക്രിയ പതുക്കെയാണ്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞാലും കൊവിഡ് മരണനിരക്ക് കൂടാനാണ് സാധ്യത. മെയ് 12-ന് 43000 കേസുകൾ കേരളത്തിലുണ്ടായിരുന്നു. ആ സമയത്ത് രോഗം സ്ഥിരീകരിച്ചവരിൽ പലരുമാണ് ഈദിവസങ്ങളിൽ മരണപ്പെട്ടത്. 

എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഓക്സിജൻ, വെൻ്റിലേറ്റ‍ർ, ഐസിയു കിടക്കകൾ എന്നിവ ഉണ്ടെന്ന് ജില്ലാ കളക്ടർമാരുടെനേതൃത്വത്തിൽ അടിയന്തരമായി ഉറപ്പാക്കണം. നിർണായകമായ മൂന്ന് ആഴ്ചകളാണ് നമ്മുക്ക് മുൻപിൽ ഉള്ളത്. കാലവ‍ർഷം വരികയാണ്. മൂന്നോ നാലോ വ‍ർഷം കൂടുമ്പോൾ ഡെങ്കിപ്പനി ശക്തമായി വരുന്ന പ്രവണതയുണ്ട്. 2017-ൽ വ്യാപകമായി ഡെങ്കിപ്പനി വന്നിരുന്നു ഈ വ‍ർഷവും അങ്ങനെ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇനി മുതൽ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേയായിരിക്കും. വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വീടും പരിസരവും വൃത്തിയായി കൊണ്ടു നടക്കുകയും കൊതുകുകളെ പ്രതിരോധിക്കുകയും വേണം.

അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പം കൊവിഡ് വ്യാപിക്കുക. അതിനാൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തണം. ചില മുറികൾ എസി മുറികൾ എന്ന നിലയിൽ തയ്യാറാക്കിയതാണ് എസി. മുറികളായി സജ്ജമാക്കിയ മുറികളിൽ ആവശ്യത്തിന് വായുസഞ്ചാരമുണ്ടാക്കില്ല. എസിയും ഫാനും എക്സ്ഹോസ്റ്റ് ഫാനുകളും കൃത്യമായി ഉപയോ​ഗിച്ച് റൂമിലെ അന്തരീക്ഷവായു കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. 

കണ്ടെയ്ൻമെൻ്റ സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ല. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി അന്യസംസ്ഥാന തൊഴിലാളികൾ പട്ടിണിയാവുന്ന സാഹചര്യം ഒഴിവാക്കും. ലോക്ക് ഡൗൺ സമയത്ത് ജീവൻരക്ഷാ മരുന്നുകൾ മറ്റൊരു ജില്ലയിൽ എത്തിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ജീവൻരക്ഷാ മരുന്നുകൾ വിവിധ സ്ഥലത്ത് നിന്നും ശേഖരിച്ച് നിർദിഷ്ട സ്ഥലത്ത് എത്തിക്കാൻ പൊലീസ് സജ്ജമാക്കിയ സംവിധാനം നല്ല രീതിയിൽ പ്രവ‍ർത്തിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് 910 പേർക്ക് ഈ സംവിധാനത്തിലൂടെ മരുന്ന് എത്തിച്ചു. കൊവിഡ് കാലത്ത് ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾ കടുത്ത മാനസിക സമ്മ‍ർദ്ദം അനുഭവിക്കുന്നു. ഇവർക്ക് ആശ്വാസം നൽകാൻ പ്രശാന്തി എന്ന ഹെൽപ്പ് ലൈൻ സംവിധാനം പൊലീസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി ചിരി എന്ന പേരിൽ മറ്റൊരു ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ 24  മണിക്കൂറിൽ മാസ്ക് ധരിക്കാത്ത 8562 പേർക്കെതിരെ കേസെടുത്തു 4262 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനും നടപടി എടുത്തു. പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്ന പ്രവാസി ഡിവിഡൻ്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്ട്രേഷൻ ഇന്ന് തുടങ്ങി. കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ഈ പദ്ധതിയോട് പ്രവാസികൾ കാണിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പത്ത് ശതമാനം വാ‍ർഷിക ഡിവിഡൻ്റ് ഈ പദ്ധതിക്ക് സ‍ർക്കാർ നൽകുന്നുണ്ട്.

 

 

Follow Us:
Download App:
  • android
  • ios