ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ. ഇന്നും ഒരു ലക്ഷത്തിനോട് അടുത്താണ് പ്രതിദിന വര്‍ധന. 24 മണിക്കൂറുകൾക്കിടെ 92,071 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,46,427 ആയി. 24 മണിക്കൂറിനിടെ 1136 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 79,722 ആയി. 9,86,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അതേ സമയം 37, 80, 107 പേർക്ക് രോഗം ഭേദമായെന്നത് നേരിയ ആശ്വാസം നൽകുന്നതാണ്. 

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധനയില്‍ 57 ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 22,543 പുതിയ രോഗികളുണ്ടായി.മഹാരാഷ്ട്രയില്‍ 22,543 പുതിയ രോഗികളുണ്ടായി. ആന്ധ്രയിൽ 9536 പേരും കര്‍ണാടകയിൽ 9894 പേരും തമിഴ്നാട്ടിൽ 5693 പേരും ഉത്തര്‍പ്രദേശിൽ 6239 പേരും ഇന്നലെ രോഗികളായി. ദില്ലിയില്‍ ഇന്നലെയും രോഗികളുടെ പ്രതിദിന വര്‍ധന നാലായിരം കടന്നു. ഇന്നലെ 4,235 പുതിയ രോഗികളാണ് രാജ്യ
തലസ്ഥാനത്തുണ്ടായത്.

രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ വെര്‍ച്വല്‍ യോഗം വിളിച്ച് പ്രധാന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിനിടെ അടുത്ത വര്‍ഷം ആദ്യം രാജ്യത്ത് കൊവിഡ് വാക്സിന്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സുരക്ഷയിലുള്ള ആളുകളുടെ സംശയം നീക്കാന്‍ ആദ്യ ഡോസ് താന്‍ തന്നെ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.