തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിൽ ഡ്രൈ റൺ നടത്താനാണ് കേന്ദ്ര സർക്കാർ നിർദ്ദേശമെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാരിൻ്റേതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 

ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ നടന്ന വാക്സിൻ ഡ്രൈ റണ്ണിന്‍റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. വാക്സിൻ പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്. 

നിലവിൽ നിശ്ചയിച്ച വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനാണ് ഡ്രൈ റൺ നടത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിക്കുന്നത് . രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയിട്ടുള്ളത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു .