സമ്പർക്കം വഴി തീവ്രതോതിലുള്ള രോഗബാധയാണ് വൈറസിൻ്റെ ജനിതക മാറ്റ സാധ്യതയിലേക്ക് വിദഗ്ധ‍ർ വിരൽ ചൂണ്ടുന്നത്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം പകർന്നവരുടെ പട്ടിക ആരോഗ്യവിദഗ്ധരെ അമ്പരിപ്പിക്കുന്നു. ഇയാളിൽ നിന്നും ഇതുവരെ രോഗമുണ്ടായത് 15 പേർക്കാണ്.


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഘട്ടത്തിൽ പടരുന്നത് ജനിതിക മാറ്റം വന്ന നോവൽ കൊറോണ വൈറസാണോ എന്ന് സംശയിച്ച് ആരോഗ്യരംഗത്തെ വിദഗ്ധർ. രാജ്യത്തെ റെഡ് സോൺ കേന്ദ്രങ്ങളിൽ നിന്നെത്തിയ രോഗികളിൽ നിന്നും സമ്പർക്കം വഴിയുള്ള രോഗ്യവ്യാപനമാണ് ആശങ്ക കൂട്ടുന്നത്. ഇതുവരെയുള്ള രണ്ട് ഘട്ടങ്ങളിലും കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ കേരളം ഈ മൂന്നാം ഘട്ടത്തിൽ നേരിടുന്നത് കടുത്ത പരീക്ഷണമാണ്. 

സമ്പർക്കം വഴി തീവ്രതോതിലുള്ള രോഗബാധയാണ് വൈറസിൻ്റെ ജനിതക മാറ്റ സാധ്യതയിലേക്ക് വിദഗ്ധ‍ർ വിരൽ ചൂണ്ടുന്നത്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം പകർന്നവരുടെ പട്ടിക ആരോഗ്യവിദഗ്ധരെ അമ്പരിപ്പിക്കുന്നു. ഇയാളിൽ നിന്നും ഇതുവരെ രോഗമുണ്ടായത് 15 പേർക്കാണ്. മഹാരാഷ്ട്രയിൽ നിന്നും കാസർകോടെത്തിയ ആളിൽ നിന്ന് രോഗം ബാധിച്ചത് നാലുപേർക്കാണ്. രണ്ടിടത്തും രോഗിയുമായി അല്പസമയം ഇടപെട്ടവർ പോലും രോഗികളായി. പട്ടിക ഇനിയും നീണ്ടേക്കാം. 

അതേ സമയം ആദ്യഘട്ടത്തിൽ കാസർകോട്ഏ രിയാൽ സ്വദേശിയേടെയും വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്‍റെയും സമ്പർക്ക പട്ടിക വളരെ വലുതായിരുന്നു. നിരവധിപേരുമായി ഇവർ അടുത്തിടപെട്ടിട്ടും ആർക്കും രോഗമുണ്ടായില്ല. വ്യക്തികളുടെ രോഗപ്രതിരോധശേഷി വ്യത്യസ്തമാണെന്ന വാദമുണ്ടെങ്കിലും രാജ്യത്തെ റെഡ് സോണിൽ നിന്നും വരുന്ന രോഗികളിലെ വൈറസ് തീവ്രസ്വഭാവമുള്ളതാണെന്ന സൂചനകളാണ് വയനാട്ടിലെയും കാസർകോട്ടെയും പുതിയ ക്ലസ്റ്ററുകൾ കാണിക്കുന്നത്.

അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് വൈറസിന്‍റെ തീവ്രത കൂട്ടുമെന്ന വാദവും വിദഗ്ധർക്കുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആർ നോട്ട് എന്ന വൈറസ് വ്യാപന തോത് 2.5. ആണ്, അതായത് ഒരു രോഗിയിൽ നിന്നും രണ്ട് മുതൽ മൂന്ന് വരെ പേർക്ക് രോഗം പകരാം. കേരളത്തിൽ ആദ്യഘട്ടത്തിൽ ഇത് .4 എന്ന വളരെ താഴ്ന്ന നിലയിലായിരുന്നു. സമ്പർക്കം വഴിയുള്ള പുതിയ രോഗബാധയുടെ കണക്ക് നൽകുന്ന സൂചന ഈ തോതും മാറുമെന്നാണ്. അതായത് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലാത്ത സമയം.