തിരുവനന്തപുരം: ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍. കൂട്ടുചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളതെന്നും വി എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു. 

രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് കൊവിഡ് കാരണം മരിച്ചത്. 100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് മരിച്ചവരുടെ എണ്ണം 5,839 വരും. അതേസമയം കേരളത്തില്‍ 19 പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ഷോപ്പിംഗ് മാളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 

വി എസ് അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരേ,
കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടുചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.