തിരുവനന്തപുരം: കൊവിഡ് 19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം നൽകുമെന്ന് ഗതാഗത മന്ത്രി. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും പ്രതിസന്ധിയായി. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് കെഎസ്ആർടിസിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ഒന്നര കോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോർപറേഷൻ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിലെത്തിയവർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും എത്തിയവർ 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിക്കണം. ഇവർ തങ്ങളുടെ യാത്രാവിവരങ്ങൾ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിക്കണം. ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക