തിരുവനന്തപുരം: കൊവിഡ് 19  ക്വാറന്‍റീനെ ചൊല്ലി യുഡിഎഫ് എൽഡിഎഫ് വാക് പോര്.  പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീനെ നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ്, തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. മന്ത്രിയുടെ വടക്കാഞ്ചേരിയിലെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. 

വാളയാര്‍ സമരത്തില്‍ പങ്കെടുത്ത യുഡിഎഫ് ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന സര്‍ക്കാരിന്‍റെ  ആവശ്യമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.  തുടക്കത്തിൽ എതിർത്തതെങ്കിലും എംപിമാരും എം എല്‍എമാരും വഴങ്ങി. അപ്പോഴാണ് മന്ത്രി എ സി മൊയ്തീന്‍ ഗുരുവായൂരില്‍ പ്രവാസികളെ സന്ദര്‍ശിച്ച ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അങ്ങിനെയെങ്കിൽ മന്ത്രിയും നിരിക്ഷണത്തില്‍ പോകണ്ടേയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. മന്ത്രിക്ക് ഒരു നീതി,യുഡിഎഫ് ജനപ്രതിനിധികള്‍ക്ക് മറ്റൊരു നീതി എന്ന് നിലപാട് പറ്റില്ല. ഇത് രാഷ്ട്രീയ വിവേചനമാണ് . ഇത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുക. മന്ത്രി നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻറെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക്  യൂത്ത് കോണ്‍ഗ്രസ്  ബ്ലോക്ക് കമ്മിറ്റി പ്രകടനവും നടത്തി.പ്വരര്‍ത്തകരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തുടര്‍ന്ന് വായിക്കാം: എ സി മൊയ്തീന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം;മന്ത്രി നിരീക്ഷണത്തിൽ പോകണമെന...

ക്വാറന്‍റീൻ  തീരുമാനിക്കാന്‍  ഒരു രാഷ്ട്രീയ പാർട്ടി എന്ത് അധികാരമെന്നും യുഡിഎഫ് ചോദിക്കുന്നു. ആരോഗ്യവകുപ്പ് പറയുന്നതിന് മുമ്പ് സിപിഎം ജില്ല കമ്മിറ്റി കൂടി തീരുമാനിക്കുകയായിരുന്നുവെന്നും രാഷ്ട്രീയം കളിക്കുന്നത് ആരെന്ന് വ്യക്തമാണെന്നും യിഡിഎഫ് കണ്‍വീന‍ര്‍ ബെന്നി ബഹന്നാന് പറഞ്ഞു.

ക്വാറന്‍റീനിൽ പോകുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡിൽ നിന്നും തനിക്ക് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ്  മന്ത്രി എ സി മൊയ്ദീന്‍റെ നിലപാട്. നിർദേശം ലഭിച്ചാൽ അത് അംഗീകരിക്കുമെന്നും മന്ത്രി പറയുന്നു. ഇതിനിടെ  യുഡിഎഫ് ജനപ്രതികള്‍ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്നതിനാൽ  തൃശ്ശൂർ ജില്ല കളക്ടർ ഡി എം ഒ അടക്കമുളവർ  മുൻകരുതല്‍ എന്ന നിലയില്‍ പൊതു പരിപാടിയിൽ നിന്ന് പൂർണ മായും വിട്ടുനിൽക്കുകയാണ്.  പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മന്ത്രിയുടേയും അനില്‍ അക്കര  എം എൽ എ യുടേയും വീട്ടിനും ഓഫീസിനും മുൻപിൽ പൊലിസ് സുരക്ഷ ശകതമാക്കി.