ദില്ലി: മലയാളി റെയിൽവേ ജീവനക്കാർ ദുരിതത്തിൽ. റെയിൽവേയുടെ സ്ഥിരം ജീവനക്കാരായ ഏഴ് പേർ ഉൾപ്പടെ 40 പേരാണ് ന്യൂ ദില്ലി റെയിൽവേ സ്‌റ്റേഷൻ യാർഡിൽ ദുരിത ജീവിതം നയിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കേരളാ എക്സ്പ്രസിലെ ജീവനക്കാരാണ് ഇവർ. തിരിച്ചു പോകാനോ താമസം ഒരുക്കാനോ റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഈ മാസം 20,  21 തീയ്യതികളിലായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ട്രെയിനിലെ ജീവനക്കാരാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദില്ലിയിൽ കുടുങ്ങിയത്. പാൻട്രി, ശുചീകരണ, മറ്റ് സാങ്കേതിക ജോലി ചെയ്യുന്ന കരാർ ജീവനക്കാരും കുടുങ്ങിക്കിടക്കുന്നവരിലുണ്ട്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാൽ ഒഴിഞ്ഞ ബോഗികളിലും സ്‌റ്റേഷൻ യാർഡിലും ആയിട്ടാണ് ഇവർ താമസിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ആഹാര സാധനങ്ങൾ അടക്കം തീർന്നതോടെ വലിയ ദുരിതത്തിലായിരിക്കുകയാണ് ഇവർ.