കൊച്ചി: സംസ്ഥാനത്തേക്ക് പ്രവാസികളുടെ മടക്കം തുടങ്ങിയെങ്കിലും സർക്കാ‍ർ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിൽ സര്‍വ്വത്ര ആശയക്കുഴപ്പം. എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ ചുമതല. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പണം അനുവദിച്ചിട്ടില്ല.

നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഭാരിച്ച ചിലവാണ് ആവശ്യമായി വരുന്നത്. പ്രവാസികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധിയിലാകുമെന്ന ആശങ്ക തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് പരാതിയും ഉയർന്നു. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് മാസങ്ങളോളം തുടരേണ്ടി വരുമെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്.

പ്രവാസികളേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളെയും സ്വീകരിക്കാന്‍ കേരളം തയ്യാറെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. രജിസ്റ്റർ ചെയ്ത മുഴുവന്‍ ആളുകളെയും കേരളം സ്വീകരിക്കുമെന്നും ഇതിനായി 1.35 ലക്ഷം മുറികള്‍ ഒരുക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിരുന്നു.

ഈ ചുമതല സര്‍ക്കാര്‍ പൂര്‍ണ്ണമായും തദ്ദേശ സ്ഥാപനങ്ങളുടെ ചുമലില്‍ വെച്ചുവെന്നാണ് പരാതി. നിരീക്ഷണ കാലയളവിലെ ഭക്ഷണമടക്കം എല്ലാ ചിലവുകളും വഹിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഒരാള്‍ ഉപയോഗിച്ച കിടക്ക മറ്റൊരാൾ ഉപയോഗിക്കരുത്, ഇത് കത്തിച്ചു കളയണം. ഓരോരുത്തര്‍ക്കും പുതുതായി പാത്രമടക്കം എല്ലാ സാധനങ്ങളും വാങ്ങണം. കമ്മ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് തന്നെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ് മറ്റൊരു വെല്ലുവിളിയാവുകയാണ്.

വരും ദിവസങ്ങളിൽ ഇത്തരം നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ധാരാളം പേരെത്തും. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിരീക്ഷണ കേന്ദ്രങ്ങള്‍ തുറക്കേണ്ടി വരും. ഇടതു മുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നിശബ്ദമായി പ്രതിഷേധിക്കുമ്പോള്‍, യുഡിഎഫ്  സര്‍ക്കാരിനെതിരെയുള്ള ആയുധമായി ഈ പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഒരുങ്ങുകയാണ്.