കണ്ണൂർ: തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇയാൾക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.

സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റ് അസുഖങ്ങളുമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മുൻകരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പേരാവൂരിനടുത്ത് വാഹനപകടത്തിൽ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ദുബൈയില്‍ നിന്ന് ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ  രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.