Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

മദ്യവിൽപ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമടക്കം നിരവധിപ്പേർക്ക് കൊവിഡ് വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നു, ഇപ്പോഴും. 

covid cases in kerala as of 27 may 2020
Author
Thiruvananthapuram, First Published May 27, 2020, 5:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേ‍ർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ആന്ധ്ര പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു. വിദേശത്ത് നിന്ന് വന്ന 9 പേർക്കും രോഗം സ്ഥിരീകരിച്ചു. അങ്ങനെ സംസ്ഥാനത്ത് ആകെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1004 ആയി. സംസ്ഥാനത്ത് ഇപ്പോൾ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 445 പേരാണ്. 

നെഗറ്റീവായവരുടെ എണ്ണം ഇങ്ങനെയാണ്: മലപ്പുറം ആറ്, ആലപ്പുഴ, വയനാട് ഒന്ന് വീതം, കാസർകോട് രണ്ട്. 445 പേർ ചികിത്സയിലാണ്. 1,07,832 പേരാണ് നിരീക്ഷണത്തിലുള്ളത്. വീട്, സർക്കാർ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിൽ 1,06,940 പേരുണ്ട്. 892 പേർ ആശുപത്രികളിൽ. ഇന്ന് 229 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 56,558 എണ്ണം നെഗറ്റീവാണ്.

സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി മുൻഗണനാ വിഭാഗത്തിലെ 9095 സാമ്പിളുകൾ ശേഖരിച്ചതിൽ 8541 എണ്ണം നെഗറ്റീവായി. സംസ്ഥാനത്താകെ 81 ഹോട്ട്സ്പോട്ടുകൾ ആണുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ടുകൾ കൂടി കൂട്ടിച്ചേർത്തു. പാലക്കാട് 10, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണവ.

സർവകക്ഷിയോഗത്തിൽ മികച്ച അഭിപ്രായങ്ങളുയർന്നു

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും പ്രവാസികൾ ധാരാളമായി വരുന്നു. രോഗപ്രതിരോധ പ്രവർത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നു. രോഗികളുടെ എണ്ണം വർധിക്കുന്നു. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് എന്നതുകൊണ്ടുതന്നെ, ഇന്ന് എല്ലാ രാഷ്ട്രീയ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.

സാഹചര്യം നേരിടാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒന്നിച്ച് നീങ്ങണമെന്ന അഭിപ്രായം ഉയർന്നു. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാവരും മതിപ്പ് പ്രകടിപ്പിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് കക്ഷി നേതാക്കൾ പിന്തുണ അറിയിച്ചു.

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്തു. നല്ല നിർദ്ദേശങ്ങൾ നേതാക്കൾ മുന്നോട്ട് വച്ചു. അവ പരിശോധിക്കും. നാം നിതാന്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകട സാധ്യതയുണ്ട്. അതിനോട് എല്ലാവരും യോജിച്ചു. സഹോദരങ്ങൾ പുറത്ത് നിന്നും വരുന്ന സാഹചര്യത്തിൽ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങൾ സ്വയം പടയാളികളാകണം.

നാട്ടുകാർ ജാഗ്രത പുലർ‍ത്തണം

നിരീക്ഷണത്തിൽ കഴിയുന്നവർ നിബന്ധന പാലിക്കുന്നില്ലെങ്കിൽ നാട്ടുകാർ ഇത് ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങൾ തയ്യാറാവണം. പ്രവാസികളുടെ കാര്യത്തിൽ സർക്കാരിന് പറയാനുള്ളത്, വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. എന്ന് തന്നെയാണ് ഇക്കാര്യം തുടക്കം മുതലേ ആവർത്തിക്കുന്നു. ഒരു ക്രമീകരണവുമില്ലാതെ ആളുകൾ ഒന്നിച്ച് വന്നാൽ രോഗം തടയാനുള്ള നടപടികൾ അപ്രസക്തമാകും.

ആസൂത്രണത്തോടെയും ചിട്ടയോടെയും വരുന്നവരെ സ്വീകരിക്കാനും ക്വാറന്‍റൈനിലാക്കാനും കഴിയണം. അതിന് സൗകര്യമുണ്ട്. വിമാനത്താവളത്തിലും റെയിൽവെ സ്റ്റേഷനിലും എത്തുന്നവരെ ക്വാറന്‍റൈനിലയക്കുകയാണ്. ഇവർ പോകുന്ന വഴിയിൽ ഇറങ്ങാനോ ആരെയും കാണാനോ പാടില്ല. ഇത് ലംഘിച്ചാൽ പ്രത്യാഘാതം ഉണ്ടാകും. ഇത്തരം ക്രമീകരണം വേണമെന്ന് ആവർത്തിച്ച് പറയുന്നു. മറ്റ് മാർഗങ്ങളിലൂടെ അനധികൃതമായി സംസ്ഥാനത്ത് എത്തുന്നവരുടെ കാര്യത്തിൽ കർശന നടപടി സ്വീകരിക്കും.

വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി സർക്കാരിന് ലഭിക്കണം. അതിന് വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. എല്ലാവരുടെയും ആരോഗ്യസുരക്ഷ പ്രധാനമാണ്. വരുന്നവരുടെ നാട്ടിലെ വിലാസവും മറ്റും ലഭിച്ചാലേ അവർ പോകേണ്ട വീട്ടിൽ ക്വാറന്‍റൈൻ സൗകര്യം ഉണ്ടോയെന്ന് പരിശോധിക്കാനാവൂ. സൗകര്യം ഇല്ലാത്തവരെ സർക്കാർ തയ്യാറാക്കിയ ക്വാറന്‍റൈനിൽ അയക്കണം. ഈ രീതിയിൽ രജിസ്ട്രേഷനും മറ്റ് ക്രമീകരണങ്ങളും നിഷ്കർഷിക്കുന്നത് ചിലർ തെറ്റിദ്ധരിക്കുന്നു. അതിനാലാണ് റെയിൽവെ മന്ത്രിയെപ്പോലുള്ളവരുടെ പ്രതികരണങ്ങളുണ്ടായത്.

ഒടുവിൽ വഴങ്ങി സർക്കാർ, എല്ലാ പ്രവാസികളും ക്വാറന്‍റൈനിന് പണം നൽകണ്ട

വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്‍റൈൻ ചെലവ് അവരിൽ നിന്നീടാക്കുനുള്ള സർക്കാർ നിഡദ്ദേശം തെറ്റിദ്ധാരണക്ക് ഇടയാക്കി. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. പാവപ്പെട്ടവർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. ക്വാറന്‍റൈൻ ചെലവ് താങ്ങാനാവുന്നവരുണ്ട്. അവരിൽ നിന്ന് അതീടാക്കുകയെന്നതാണ് സർക്കാർ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ പിന്നീട് അറിയിക്കും.

ചില സംഘടനകൾ വിമാനം ചാർട്ടർ ചെയ്ത് പ്രവാസികളെ കൊണ്ടുവരുന്നതിൽ സംസ്ഥാനത്തിന് വിരോധമില്ല. സംസ്ഥാനത്തിന് മുൻകൂട്ടി വിവരം ലഭിച്ചാൽ ക്രമീകരണം നൽകും. സർക്കാരിന്റെ അനുമതി ഇല്ലാത്തത് കൊണ്ടല്ല ചാർട്ടർ ചെയ്ത വിമാനങ്ങൾ വരാത്തത്. ലോക്ക് ഡൗൺ ഇളവ് വന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ഇന്നും ഉയർന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട ശേഷം ഇത് പരിഗണിക്കാം. 

വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി. 

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പിന്നീട്

ആരാധനാലയങ്ങളിൽ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കൽ പ്രയാസമാണ്. രോഗവ്യാപനം തടയുന്നതിന് ഇത് തടസ്സമാകും. രാജ്യത്താകെ ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാടും ഇതാണ്.

ടെസ്റ്റിംഗ് കൂട്ടും

സ്രവപരിശോധനയുടെ എണ്ണം വർധിപ്പിക്കണമെന്ന് ഇന്ന് സർവകക്ഷിയോഗത്തിൽ നിർദ്ദേശം വന്നു. സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. ആദ്യം ടെസ്റ്റ് കിറ്റുകൾ ആവശ്യത്തിനുണ്ടായിരുന്നില്ല. ഇപ്പോൾ ഇതുണ്ട്. പ്രതിദിനം മൂവായിരം ടെസ്റ്റ് നടത്താനാണ് തീരുമാനം. 

ഞായറാഴ്ച ശുചീകരണം

മഴക്കാലപൂർവശുചീകരണം ഒരു വലിയ വെല്ലുവിളിയാണ്. ഞായറാഴ്ചകളിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണാണ്. കാലവർഷം തുടങ്ങുന്നു. മഴക്കാല രോഗങ്ങൾ തടയുക പ്രധാനം. അതുകൊണ്ട് തന്നെയാണ് ശുചീകരണം നിർണായകമാകുന്നത്. വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനമായി ആചരിക്കണമെന്ന നിർദ്ദേശം സർവകക്ഷി യോഗത്തിൽ ഉയർന്നു. അത് ഗൗരവമായ നിർദ്ദേശം. അത് അംഗീകരിക്കുന്നു. മുഴുവനാളുകളും വീടും പരിസരവും ആ ദിവസം ശുചീകരിക്കണം. പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ജനങ്ങൾ ഒന്നിച്ച് നിന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസമാണ് സർക്കാരിനുള്ളത്. എല്ലാ പാർട്ടികളുടെയും സഹകരണം ഇതിന് വേണ്ടി അഭ്യർത്ഥിച്ചു.

ഇന്നത്തെ സർവകക്ഷിയോഗത്തിൽ എംവി ഗോവിന്ദൻ, തമ്പാനൂർ രവി, പ്രകാശ് ബാബു, കെപിഎ മജീദ്, പിജെ ജോസഫ്, ടിപി പീതാംബരൻ മാസ്റ്റർ, കെ സുരേന്ദ്രൻ, അനൂപ് ജേക്കബ്, പിസി ജോർജ്, വി സുരേന്ദ്രൻ പിള്ള, എഎ അസീസ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത കേസുകൾ

ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാത്തവർക്ക് നേരെ പൊലീസ് ശക്തമായ നടപടിയെടുക്കുന്നുണ്ട്. മാസ്ക് ധരിക്കാത്ത 3621 കേസുകൾ റിപ്പോർട്ട്. ക്വാറന്റീൻ ലംഘിച്ച 38 കേസുകൾ ഇന്ന് രജിസ്റ്റർ ചെയ്തു. 78894 പേരാണ് ഈ മാസം നാല് മുതൽ സംസ്ഥാനത്ത് ഹോം ക്വാറന്റീനിൽ കഴിഞ്ഞത്. 468 പേരാണ് ഇവരിൽ ക്വാറന്റീൻ ലംഘിച്ചത്. ഇവയിൽ 453 കേസ് രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥരുടെ ചെക്കിങിനിടെ 145 കേസുകൾ കണ്ടെത്തി. 48 കേസുകൾ അയൽവാസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടുത്തതാണ്. മൊബൈൽ ആപ്പ് പോലുള്ള സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ 240 ക്വാറന്റൈൻ ലംഘനം കണ്ടെത്തി. ക്വാറന്റൈൻ സംസ്ഥാനത്ത് ഫലപ്രദമായി നടക്കുന്നു. ലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തണം. അല്ലെങ്കിൽ അയൽക്കാർ കണ്ടെത്തണം. രോഗവ്യാപന തോത് പിടിച്ചുനിർത്താനായത് ഫലപ്രദമായ ഹോം ക്വാറന്റൈൻ സംവിധാനം ഒരുക്കാനയത് കൊണ്ടാണ്. ഇത് മറക്കരുത്.

ഓൺലൈൻ അദാലത്ത് വരുന്നു

നമ്മുടെ സംസ്ഥാനത്ത് പരാതി പരിഹാര അദാലത്തുകൾ നടന്നുവരുന്നത് കൊവിഡ് പശ്ചാത്തലത്തിൽ തടസപ്പെട്ടു. പരിഹാരമായി ഓൺലൈൻ അദാലത്ത് നടത്താൻ തീരുമാനിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ഇന്നലെ കോഴിക്കോട് താമരശേരി താലൂക്കിൽ ഓൺലൈൻ അദാലത്ത് വിജയം. അടുത്തയാഴ്ച എല്ലാ ജില്ലയിലും ഓരോ താലൂക്കിൽ വീതം ഈ രീതിയിൽ അദാലത്ത് നടത്തും.

ലോക്ക്ഡൗൺ കാലത്ത് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനുള്ള മാർഗനിർദ്ദേശം ഇറക്കി. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കും. മറ്റു സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. മറ്റ് ജില്ലകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം വാഹനസൗകര്യം ഒരുക്കും. മറ്റുള്ളവർ കളക്ടർമാരെ ബന്ധപ്പെടണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ സേവനം ലഭ്യമാക്കാം. ഇതിനുള്ള ക്രമീകരണം കളക്ടറേറ്റുകൾ ഉണ്ടാക്കണം.

റൂം ക്വാറന്‍റൈനാകണം, ഓർക്കണം

ഒരാൾക്ക് കൊവിഡ് രോഗബാധ ഉണ്ടായാൽ പിന്നാലെ കുടുംബത്തിലെ നിരവധി പേർക്ക് രോഗമുണ്ടാകുന്നു. ചില സംഭവങ്ങളിൽ കുടുംബാംഗത്തിന് രോഗബാധ അറിയാത്തതാണ് മറ്റുള്ളവർക്ക് പകരുന്നത്. രോഗസാധ്യതയുള്ളവർ വേണ്ട മുൻകരുതലെടുക്കുന്നില്ല. രോഗവ്യാപന സ്ഥലത്ത് നിന്നെത്തുന്നവർ ക്വാറന്റൈൻ പാലിക്കണം. ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈനാകണം. അടുത്തിടപഴകരുത്. സഹായങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടുക. ഇതിലൂടെ വലിയ മാറ്റം സാധ്യമാകും.

വ്യാജപ്രചാരണം നടത്തിയാൽ കർശനനടപടി

വ്യാജപ്രചാരണത്തിലൂടെ ആശയകുഴപ്പം സൃഷ്ടിക്കാൻ ചിലർ മിനക്കിട്ടിറങ്ങി. മുംബൈയിൽ നിന്നെത്തിയ യുവാവ് ആലപ്പുഴയിലെ കൊവിഡ് കെയർ സെന്ററിലായിരുന്നു. ഇദ്ദേഹം നിരവധി സ്ഥലത്ത് സഞ്ചരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി സന്ദേശം എത്തുന്നു, കടയിൽ നിന്ന് സാധനം ലഭിക്കുന്നില്ല, സമീപവാസികൾ ഒറ്റപ്പെടുത്തുന്നു. ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി അനിവാര്യം, അത് തുടരുന്നുണ്ട്.

സന്നദ്ധ പ്രവർത്തകരെ നാളെ മുതൽ പൊലീസ് വളണ്ടിയർമാരായി നിയമിക്കും. ജനമൈത്രി പൊലീസിനൊപ്പം കണ്ടെയ്ൻമെന്റ് മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വളണ്ടിയർമാരെ നിയമിക്കും. പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ജോലിഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

ജാഗ്രത പാലിക്കേണ്ടതെന്തൊക്കെ?

ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ വ്യത്യസ്ത നടപടികൾ സ്വീകരിക്കുന്നു. വീടുകളിൽ പോകുന്ന പൊലീസുകാർ പിപിഇ കിറ്റ് ധരിക്കണം. മദ്യശാലകൾ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്നിൽ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്നവും ഉണ്ടാകരുത്. സംസ്ഥാനത്ത് നിയന്ത്രിതമായ തോതിൽ വസ്ത്ര വ്യാപാര ശാലകൾ പ്രവർത്തിക്കുന്നുണ്ടല്ലോ. ഇവിടെ റെഡിമെയ്ഡ് വസ്ത്രം വാങ്ങാൻ വരുന്നവർ ട്രയൽ നോക്കരുത്.

ഇക്കാര്യത്തിൽ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ഒരേസമയം അനുവദിക്കപ്പെട്ടതിൽ കൂടുതൽ പേർ വസ്ത്രം വാങ്ങാനെത്തുന്നത് ഒഴിവാക്കണം. മെയ് 31 ന് സർക്കാർ സർവീസിലെ നിരവധി പേർ വിരമിക്കും. സാധാരണ യാത്രയയപ്പ് പരിപാടികളുണ്ടാകാറുണ്ട്. ഇതേ സാഹചര്യം മാർച്ച് 31 നും വന്നിരുന്നു. ആളുകൾ കൂടരുതെന്നും പാർട്ടികൾ പാടില്ലെന്നും പറഞ്ഞിരുന്നു. യാത്രയയപ്പ് പരിപാടികൾ പരിമിതപ്പെടുത്തണം.

പരീക്ഷകൾ തുടരുന്നു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ പ്രശ്നങ്ങളില്ലാതെ തുടരുന്നു. പരീക്ഷ കഴിയുന്ന ദിവസം ആഘോഷം പാടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകണം.

മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഇന്ന് മന്ത്രിസഭായോഗം പ്രധാന തീരുമാനങ്ങളെടുത്തു. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറി വിരമിക്കുകയാണ്. ഈ ഒഴിവിലേക്ക് പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയെ നിയമിക്കും. ടോം ജോസ് സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. അദ്ദേഹത്തിന് എല്ലാ ആശംസയും നേരുന്നു. 

ആർ ശ്രീലേഖയെ ഫയർ ആന്റ് റസ്ക്യു സർവീസ് ഡിജിപിയായും ശങ്കർ റെഡ്ഡിയെ ഡിജിപി തസ്തികയിൽ റോഡ് സേഫ്റ്റി കമ്മീഷണറാക്കും. എംആർ അജിത്ത് കുമാറിനെ ട്രാൻസ്പോർട്ട് കമ്മിഷണറാക്കും. ടികെ ജോസ് ആഭ്യന്തര വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറി.

ആലപ്പുഴ ചങ്ങനാശേരി എലിവേറ്റഡ് പദ്ധതിക്ക് അനുമതി. 624.48 കോടിയുടെ പദ്ധതിയാണിത്. 

മദ്യവിൽപ്പന നാളെ തുടങ്ങാനിരിക്കുകയാണ്. വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമടക്കം നിരവധിപ്പേർക്ക് കൊവിഡ് വീണ്ടും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആശങ്ക നിലനിൽക്കുന്നു, ഇപ്പോഴും. 

സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തന്നെ വിലയിരുത്തിയിരുന്നതാണ്. പരീക്ഷ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. 

കേന്ദ്രമന്ത്രി വി മുരളീധരന് മറുപടി

ഇന്നലെ എംപിമാരും എംഎൽഎമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളീയനായ കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ വി മുരളീധരനെ ക്ഷണിച്ചിരുന്നു. കോൺഫറൻസിലുള്ള ലിങ്ക് അദ്ദേഹത്തിന്റെ പിഎക്ക് അയച്ചു. അദ്ദേഹം മുഴുവൻ സമയം ഉണ്ടാകില്ലെന്നും ഇടയ്ക്ക് പോകുമെന്നും അറിയിപ്പ് ലഭിച്ചിരുന്നു. കോൺഫറൻസിൽ അദ്ദേഹത്തിന്റെ ഓഫീസുമായി കണക്ട് ചെയ്തത് ദൃശ്യമായിരുന്നു.

ഇവിടെ ചില ആക്ഷേപങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടു. പെയ്ഡ് ക്വാറന്റൈനിന് കേന്ദ്ര നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് ശ്രീ. വി. മുരളീധരൻ പറഞ്ഞതായി കണ്ടു. 28-04 2020 ന്റെ വാർത്താ സമ്മേളനത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞിരുന്നു. പ്രവാസികളെ വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നെന്ന് അന്ന് നമ്മൾ പറഞ്ഞു. 4-5-2020 ന് കാര്യങ്ങൾ മാറി. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. അന്ന് ഇങ്ങനെ വരുന്നവർക്ക് പരിശോധന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുൻതീരുമാനം സംസ്ഥാനത്തിന് മാറ്റേണ്ടി വന്നു.

അന്ന് നിലവിൽ പ്രഖ്യാപിച്ച രീതിയിൽ വിമാനങ്ങൾ വന്നാൽ ആരെയും നേരെ വീടുകളിലേക്ക് അയക്കാനാവില്ല. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റൈൻ വേണ്ടിവരും. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്ന് ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. എന്നാൽ വിമാനം എത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇതിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുന്നു. കേന്ദ്രം അയച്ച സർക്കുലറും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ ഒപ്പ് വയ്ക്കുന്ന സത്യവാങ്മൂലവും ഇത്തരക്കാർ വായിച്ച് നോക്കണം.

കേരളത്തിലെ ഹോം ക്വാറന്റൈൻ വിജയമാണോ പരാജയമാണോ എന്ന് ഇവിടെയുള്ളവർക്ക് അറിയാം. കേരളം പ്രവാസികൾക്ക് ഏഴ് ദിവസത്തെ മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശിച്ചു. അന്നതിനെ കേന്ദ്രം എതിർത്തു. അതേ നിലപാട് കേന്ദ്രം ഇപ്പോൾ കൈക്കൊണ്ടില്ലേ? ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈൻ ആക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്.

പെയ്ഡ് ക്വാറന്റൈൻ സംസ്ഥാനം സ്വീകരിച്ച നിലപാടാണ്. താങ്ങാവുന്നവരിൽ നിന്ന് അതിന്റെ ഫീസ് വാങ്ങും. വരുന്നവരിൽ നല്ലൊരു വിഭാഗത്തിന് ആ ചെലവ് താങ്ങാനാവും. ആദ്യത്തെ ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. എല്ലാവരെയും ഹോം ക്വാറന്റൈനിലേക്ക് വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ചികിത്സ സൗജന്യമാണെന്നാണ് പറഞ്ഞത്. ഹോം ക്വാറന്റൈനിൽ പറ്റാത്തവർക്ക് സർക്കാർ ക്വാറന്റൈൻ എന്നാണ് പറഞ്ഞത്. ഒരു ടെസ്റ്റിന് നാലായിരത്തിലധികം രൂപ വരും. അതൊക്കെ സംസ്ഥാനം വഹിക്കും. 

Follow Us:
Download App:
  • android
  • ios