തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശ ക്ലസ്റ്റിന് പുറത്തേക്കും രോഗം പടരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുശ്ശി, പൊഴിയൂർ, പുല്ലുവിള ക്ലസ്റ്ററുകളുടെ സമീപ്രദേശങ്ങളിലാണ് ആശങ്ക. അതേസമയം, രോഗലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ പാർപ്പിക്കാമെന്ന കളക്ടറുടെ ഉത്തരവ് ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിയാലേ നടപ്പിലാവൂ.

തീരദേശ ക്ലസ്റ്ററായ അഞ്ചുതെങ്ങിൽ കഴിഞ്ഞ ദിവസം 22 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചുതെങ്ങുമായി ഏറെ സമ്പർക്കമുള്ള കടയ്ക്കാവൂരിൽ പത്ത് ദിവസത്തിനുള്ളിൽ 32 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുളത്തൂർ പഞ്ചായത്തിൽ പൊഴിയൂർ ഉൾപ്പെടുന്ന ആറ് തീരദേശവാർഡുകളിലായിരുന്നു കൂടുതൽ കേസുകളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം കുളത്തൂരിൽ തീരദേശവാർഡുകൾക്ക് പുറത്തെ ആറ് പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാവിളക്കടവ്,വെങ്കടമ്പ്, പൂഴിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുല്ലുവിളയിൽ രണ്ട് ദിവസത്തിനുള്ളിൽ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തീരദേശ ക്ലസ്റ്ററുകളിലെ പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും സമീപപ്രദേശങ്ങളിൽ രോഗം വ്യാപിക്കുന്നതാണ് നിലവിൽ ആശങ്ക. 

രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ്, രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാമെന്ന് തിരുവനന്തപുരം കളക്ടർ ഉത്തരവിറക്കിയത്. പ്രതിപക്ഷനേതാവ് അടക്കം ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. എന്നാൽ രോഗികളെ വീട്ടിൽ പാർപ്പിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയത് ശേഷമേ ജില്ലയിൽ ഇത് നടപ്പാക്കുകയുള്ളൂ. അതേസമയം, കൊവിഡ് ചികിത്സയിൽ 10 സ്വകാര്യ ആശുപത്രികളുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ധാരണയിലെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അന്തിമ ധാരണയാകുമെന്നാണ് കണക്ക് കൂട്ടല്‍.