കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങും. രോഗികള്‍ കുടുതലുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേനയെ ഉപയോഗിച്ച് ബോധവല്‍കരണത്തിലൂടെ സമൂഹവ്യാപന സാധ്യത തടയനാണ് ആരോഗ്യവകുപ്പിന്‍റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്.

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം രണ്ടു ദിവസമായി 600ന് മേലെയാണ്. വരും ദിവസങ്ങളില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. എറ്റവുമധികം രോഗികളുള്ളത് കോഴിക്കോട് കോര്‍പ്പറേഷനിലാണ് കൊയിലാണ്ടി, വടകര, പയ്യോളി നഗരഭകളും ചാത്തമംഗലം, പെരുവയല്‍, ഉണ്ണികുളം, കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കുടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം കൂടുതല്‍ പേരില്‍ പരിശോധന നടത്തി വ്യാപനം തടയനാണ് ജില്ലാ ഭരണ കൂടം ആലോചിക്കുന്നത്. ജില്ലയില്‍ ഞായറാഴ്ച്ച് ലോക്ഡൗണ്‍ ആരംഭിക്കുന്നതിനെകുറിച്ചും ആലോചിച്ചുവരുകയാണ്

ജില്ലയില്‍ രോഗികളുടെ എണ്ണം കുടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളുടെ എണ്ണം വർദ്ധിപ്പിക്കും. ഓരോ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും 50 ബെ‍ഡുകളെങ്കിലും വേണമെന്നാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗലക്ഷണമില്ലാതെ പോസിറ്റീവാകുന്നവരുടെ വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെതന്നെ താമസിപ്പിച്ച് ചികില്‍സ നടത്താനാണ് തീരുമാനം.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമുഹവ്യാപന സാധ്യത പോലും ആരോഗ്യവുകുപ്പ് മുന്നില്‍ കാണുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് വലിയ ആശങ്ക. അതുകൊണ്ട് തന്നെ സമ്പർക്ക വ്യാപനം കുറക്കാന്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി വാർഡുതലങ്ങളില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹായോത്തോടെ ദ്രുതകർമ്മ സേന നോട്ടീസുകള്‍ ഇന്നു മുതല്‍ വിതരണം ചെയ്യും.