Asianet News MalayalamAsianet News Malayalam

സ്വകാര്യ ലാബിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കും: മുഖ്യമന്ത്രി

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.

covid cm pinarayi vijayan says rtpcr test rate in private lab will control in kerala
Author
Thiruvananthapuram, First Published Jun 17, 2020, 6:52 PM IST

തിരുവനന്തപുരം: സ്വകാര്യ ലാബിലെ ആർടിപിസിആർ ടെസ്റ്റ് ചെലവ് നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് ഇതരരോഗികളുടെ ചികിത്സ സർക്കാരാശുപത്രികളിൽ തുടങ്ങിയെന്നും സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡിന്‍റെ സാമൂഹ്യവ്യാപനം അറിയാനുള്ള ആന്‍റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഐസിഎംആർ അംഗീകരമുള്ള 30 മിനിറ്റിനകം ഫലം വരുന്ന ദ്രുതപരിശോധനാകിറ്റുകൾ കേരളത്തിലും ഉപയോഗിക്കണം എന്ന ശുപാർശയും പരിഗണിക്കും. യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ കേരളത്തിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഗണ്യമായി കൂടി. മെയ് 8-ന് ശേഷമുള്ള കണക്കുകൾ ഇത് സൂചിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

മെയ് 8-ന് 16 പുതിയ രോഗികൾ മാത്രമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് അത് 2697 ആയി. മെയ് 8-വരെ 503 രോഗികളേ ഉണ്ടായിരുന്നുള്ളൂ. യാത്രാ നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോള്‍ വിദേശത്ത് നിന്ന് 84,1095 ഇതരസംസംസ്ഥാനങ്ങളില്‍ നിന്ന് 171,089 പേരും കേരളത്തിലെത്തി. വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതിൽ മാറ്റമില്ല. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തിൽ മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുൻകരുതലിന്‍റെയും ഭാഗമായാണ് അവർ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios