തിരുവനന്തപുരം: തിരുവന്തപുരത്തെ ആശങ്ക കൂട്ടി എആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥീരീകരിച്ചു. സെക്രട്ടറിയേറ്റിലെ ഗേറ്റിന് മുന്നിലടക്കം നഗരത്തിലെ വിവിധ മേഖലയിൽ ജോലി ഏര്‍പ്പെട്ടിരുന്ന പൊലീസുകാരനാണ് രോഗം ബാധിച്ചത്. തലസ്ഥാനത്ത് കടുത്ത ജാഗ്രത വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത്യാവശ്യക്കാരല്ലാത്തവർ നഗരത്തിലേക്ക് വരരുതെന്നും മുന്നറിയിപ്പുണ്ട്. 

28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27വരെ കണ്ടെയ്മെന്റ് സോണായ ആനയറ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. 26ന് ആലുവയിലേക്ക് യാത്ര ചെയ്തു. 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്പർ ഗേറ്റിലും ജോലി ചെയ്തിരുന്നു.

ജില്ലയിലെ പ്രധാന പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേരെ നിരീക്ഷണത്തിലേക്ക് മാറ്റേണ്ടി വരും. എആർ ക്യാമ്പിലെ ക്യാന്‍റീന്‍ അടച്ചു. ഇതിനിടെ സാഫല്യം കോംപ്ലക്സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പാളയം മാർക്കറ്റ് അടച്ചു.

ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചിടും. ഇവിടെ വഴിയോരക്കച്ചവടവും അനുവദിക്കില്ല. മീറ്റർ റീഡിംഗ് ജോലി ചെയ്തിരുന്ന മാരായമുട്ടം സ്വദേശിക്ക് സേലത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള 10 പേരുടെ സ്രവം ശേഖരിച്ചു. രണ്ട് പേർക്ക് ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച വിഎസ്‍എസ്‍സിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയരാക്കണെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.