തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ഡിജിറ്റൽ പാസും മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവരശേഖരണവും അടക്കമുള്ള നടപടികളിൽ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്‌ളർ. കൊവിഡിന്റെ മറവിൽ വ്യക്തിവിവരങ്ങൾ വിദേശകമ്പനിക്ക് നല്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. എന്നാൽ, പൗരന്മാരുടെ വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കുമെന്ന് കമ്പനി പ്രതികരിച്ചു.

പൗരന്മാരുടെ വിവരങ്ങൾ കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും സംസ്ഥാനസർക്കാർ മാത്രമാണെന്ന് സ്പ്രിംഗ്‌ളർ കമ്പനി സിഇഒയും മലയാളിയുമായ രാജി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതിനുള്ള സൗകര്യം മാത്രമാണ് സ്പ്രിംഗ്‌ളർ നൽകുന്നത്. വിവരങ്ങൾ  ദുരുപയോഗം ചെയ്യപ്പെടുന്നില്ല. സ്വകാര്യത സംബന്ധിക്കുന്ന ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണ് കമ്പനിയുടെ പ്രവർത്തനം. വിവരങ്ങളുടെ മേൽ കമ്പനിക്ക് യാതൊരു അവകാശവും ഇല്ലെന്നും രാജി തോമസ് ഇമെയിലിലൂടെ പ്രതികരിച്ചു.

Read Also: കൊവിഡിനെതിരായ ഡിജിറ്റൽ പ്രതിരോധം; വ്യക്തി വിവരം വിൽക്കുന്ന ശുദ്ധ തട്ടിപ്പെന്ന് ചെന്നിത്തല...