വി ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ കൂകിവിളിച്ചവർക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. കണ്ണുകടിയുള്ള കുലംകുത്തികളാണ് ഓരിയിട്ടതെന്നും യഥാർത്ഥ കോൺഗ്രസുകാർ തന്നോട് സ്നേഹത്തോടെയാണ് പെരുമാറിയതെന്നും റിനി കുറിച്ചു.
തിരുവനന്തപുരം: വി ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കൂകിവിളിച്ചവർക്ക് മറുപടിയുമായി നടിയും മോഡലുമായ റിനി ആൻ ജോർജ്. കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു എന്നാണ് റിനിയുടെ പ്രതികരണം. അത് താൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തെന്ന് റിനി കുറിച്ചു. കൂകിവിളിച്ചവർ കോൺഗ്രസ്സുകാർ ആണെന്ന് കരുതുന്നില്ല. കാരണം കോൺഗ്രസുകാർ സ്നേഹവായ്‌പോടെയാണ് തന്നോട് പെരുമാറിയതെന്നും റിനി കുറിച്ചു.

മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത് റിനിയാണ്. പിന്നീടാണ് മൂന്ന് പേർ രാഹുലിനെതിരെ പരാതി നൽകിയത്. തുടർന്ന് രാഹുലിനെ അനുകൂലിക്കുന്നവർ റിനിക്കെതിരെ സൈബർ ആക്രമണം നടത്തി. ഇന്നലെ പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തിയിരുന്നു.
വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് റിനി ആൻ ജോർജ് രംഗത്തെത്തിയിരുന്നു. എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ആൾക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് റിനി ആൻ ജോർജ് ഫേസ് ബുക്കിൽ കുറിച്ചു. പദ്മനാഭന്‍റെ മണ്ണിൽ ഇനി തന്‍റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി കുറിച്ചു.
റിനി പറഞ്ഞത്...
"എന്‍റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം. ഞാൻ എംഎൽഎ എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രി ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശീയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു. അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസ്സുകാർ ആണെന്ന് ഞാൻ കരുതുന്നില്ല. കാരണം കോൺഗ്രസ്സുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രസ്സുകാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു"


