കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂര്‍ കൊളച്ചേരി കോടിപ്പൊയിൽ സ്വദേശി മൂസ ഹാജി (77 ) യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മൂസ ഹാജി. ആന്‍റിജന്‍ ടെസ്റ്റിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു. കൊവിഡ് മരണമുണ്ടായതോടെ പഞ്ചായത്തിലെ 7 മുതൽ 13 വരെ  വാർഡുകൾ മയ്യിൽ പൊലീസ് അടച്ചു. 

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേർ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍, കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി, വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്. 

ഇവരില്‍ കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ധുള്ള ബാഫഖി കൊവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളേജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ  ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവസാമ്പിളുകള്‍ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ് കരള്‍ സംബന്ധമായ ചികില്‍സയ്ക്കും അവറാൻ ശ്വാസകോശ അര്‍ബുദത്തിനും പറങ്ങോടന്‍ പാമ്പുകടിക്കുള്ള ചികില്‍സയ്ക്കുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.