തമിഴ്നാട്ടിൽ 110 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്.

ദില്ലി: കൊവിഡില്‍ രാജ്യത്ത് മരണ നിരക്ക് ഉയരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഇന്ന് മാത്രം നാല് പേരാണ് മരിച്ചത്. പ്രശസ്ത ചേരിയായ ധാരാവിയിലടക്കം മരണം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ ഇന്നത്തെ മരണ സംഖ്യ നാലായി ഉയര്‍ന്നത്.

Add Asianetnews as a Preferred SourcegooglePreferred

ചേരിയില്‍ രോഗം ബാധിച്ച് 56 കാരനാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കളെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. ഇവിടെ ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മുംബൈയിൽ കൊവിഡ് ബാധിച്ച് 51 കാരനും മരിച്ചിരുന്നു. ആകെ 16 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. ചേരികളിൽ രോഗം പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യ മന്ത്രാലയം കാണുന്നത്. മഹാരാഷ്ട്രയിൽ ഇന്ന് 33 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം ഇതോടെ 335 ആയി.

ഗുജറാത്തിൽ അ‍ഞ്ച് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 87 ആയി. ആന്ധ്രയിൽ ഇന്ന് 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 110 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവരാണ്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയ വിദേശികളും കൊവിഡ് സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങി എത്തിയവരിൽ 190 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ 200 ലധികം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലാണ് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15.4 ടൺ പ്രതിരോധ സാമഗ്രികൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. റെയിൽവെ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കി ചികിത്സ സംവിധാനം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റെയിൽവേ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ലോക്ക് ഡൗൺ ഫലപ്രദമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നിർദ്ദേശം നൽകി. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി വേണമെന്നും നിർദ്ദേശിച്ചു.

കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവ‍ര്‍ത്തകരും. സർക്കാർ, സ്വകാര്യ മേഖലയെന്ന വേർതിരിവ് ഇല്ലാതെയാകും സഹായമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 121 പേര്‍ക്കാണ് ഇതുവരെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. ആറോളം ഡോക്ടര്‍മാറുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് മൂന്ന് ഡോക്ടർമാർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം ആറായി. 32 കാരനായ ശിശുരോഗ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ ഭാര്യയും സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോക്ടർ, ദില്ലി കാൻസർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.