Asianet News MalayalamAsianet News Malayalam

കൊവിഡ് മരണ പട്ടിക: നിരാകരിക്കപ്പെട്ടവരിൽ പഞ്ചായത്ത് അംഗവും, നീതി തേടി കുടുംബം

കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ഒടുവിൽ അതേ രോഗത്തിന് കീഴടങ്ങി രക്തസാക്ഷികളായ ജനപ്രതിനിധികൾ വേറെയുമുണ്ട് കേരളത്തിൽ. അവരിൽ ഒരാളാണ് ബിനോയ് കുര്യൻ

Covid death list
Author
Kottayam, First Published Jul 2, 2021, 2:33 PM IST

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ആയിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് വ്യാപക ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവ് പി.ബിജുവടക്കമുള്ളവരുടെ മരണത്തിൽ ഈ അപാകതയുണ്ടെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. പി.ബിജുമാത്രമല്ല കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങി ഒടുവിൽ അതേ രോഗത്തിന് കീഴടങ്ങി രക്തസാക്ഷികളായ ജനപ്രതിനിധികൾ വേറെയുമുണ്ട് കേരളത്തിൽ. അവരിൽ ഒരാളാണ് ബിനോയ് കുര്യൻ...

കൊവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത ന്യുമോണിയ ബാധിച്ചാണ് കോട്ടയം കാണക്കാരി പഞ്ചായത്തംഗം ബിനോയ് കുര്യൻ മരിച്ചത്. പക്ഷേ സര്‍ക്കാരിന്‍റെ കണക്കില്‍ ബിനോയിയുടേത് ഹൃദയസ്തംഭനം മൂലമുള്ള മരണമാണ്. കൊവിഡ് മരണമാണെന്ന തിരുത്തലാവശ്യപ്പെട്ട് ഭാര്യ ഷീന സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. പ്രായമായ അച്ഛനും അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രമായ ബിനോയ് മരിച്ചതോടെ പ്രാരാബ്ദം മുഴുവൻ ഷീനയുടെ ചുമലിലായി.

മെയ് 2 -നാണ് ബിനോയിക്ക് കൊവിഡ് പൊസീറ്റിവായത്. മെയ് നാലിന് അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കും പൊസിറ്റീവായി. മെയ് പത്തിന് ബിനോയ് നെഗറ്റീവായെങ്കിലും ശക്തമായ ന്യുമോണിയ കാരണം ആശുപത്രിയില്‍ തുടര്‍ന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർന്ന് മാറ്റി. വൈറ്റ് ഫംഗസ് ബാധിച്ചതോടെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു. ഇത്രയേറെ അനുഭവിച്ചെങ്കിലും ദൈവം ബിനോയിയോട് കരുണകാട്ടിയില്ല. മെയ് 27 ന് ബിനോയ് മരിച്ചു.  കൊവിഡ് നെഗറ്റീവായ ശേഷവും ചികിത്സയിൽ തുടർന്ന് മരണപ്പെട്ട ബിനോയ് കുര്യൻ്റെ മരണകാരണമായി മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഹൃദയസ്തംഭനമെന്നാണ്. 

കോട്ടയത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു ബിനോയ്. അതേ അസുഖം വന്ന് ബിനോയ് മരിച്ചതോടെ ഈ അഞ്ച് അംഗ കുടുംബം തന്നെ അനാഥമായി.  ബിനോയിയുടെ മരണ സർട്ടിഫിക്കറ്റിൽ തിരുത്തലാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ ആരോഗ്യപ്രവർത്തകയായ ഭാര്യയെ അധികൃതരും കൈയ്യൊഴിഞ്ഞു. 

എട്ട് ലക്ഷം രൂപയോളം ബിനോയിയുടെ ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നു. കുടുംബത്തിൻ്റെ അടിത്തറയും അതോടെ ഇളകി. കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഈ കുടുംബത്തിന് വലിയ പ്രതീക്ഷയാണ് പക്ഷേ ബിനോയിയുടെ മരണസർട്ടിഫിക്കറ്റ് തിരുത്തപ്പെടാത്ത കാലത്തോളം അയാളുടെ മരണം സർക്കാരിൻ്റെ കൊവിഡ് പട്ടികയിൽ വരില്ല. 

Follow Us:
Download App:
  • android
  • ios