Asianet News MalayalamAsianet News Malayalam

കൊവിഡ് മരണക്കണക്ക് വിവാദം: അപാകത മാർഗരേഖയ്ക്കോ സർക്കാരിനോ എന്നതിൽ തർക്കം

കൊവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ മരിച്ചവരെപ്പോലും പട്ടികയിൽ നിന്നൊഴിവാക്കിയതാണ് സംസ്ഥാനത്ത് വലിയ വിവാദമായ നടപടികളിലൊന്ന്

Covid death row who to be blamed dispute among health experts
Author
Thiruvananthapuram, First Published Jul 8, 2021, 7:57 AM IST

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കുകളെ കുറിച്ചുള്ള വിവാദം തുടരുമ്പോൾ അപാകത മാർഗ്ഗരേഖയ്ക്കോ സംസ്ഥാന സർക്കാറിനോ എന്നതിൽ ആരോഗ്യ വിദഗ്‌ധരിൽ തർക്കം. നിലവിലെ മാർഗരേഖ അപര്യാപ്തമെന്നാണ് സർക്കാരിന്റെ ഭാഗമായ ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ പ്രശ്നം മാർഗ്ഗരേഖയ്ക്കല്ല സർക്കാറിന്റെ നയങ്ങൾക്കാണെന്നാണ് മറുവാദം.

കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മാർഗരേഖ കാലഹരണപ്പെട്ടതാണെന്ന വികാരം സംസ്ഥാനതല സമിതിയിലും സർക്കാരിന്റെ ഭാഗമായ ആരോഗ്യപ്രവർത്തകരിലും ശക്തമാണ്. പിന്തുടരുന്ന മാർഗരേഖയ്ക്ക് പോരായ്മയുണ്ടോയെന്ന ചോദ്യത്തിന് വിവാദങ്ങൾക്ക് ശേഷവും ആരോഗ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. എന്നാൽ കൊവിഡ് ഏൽപ്പിക്കുന്ന ആഘാതം ദീർഘകാലം നീണ്ടുനിൽക്കാമെന്നിരിക്കെ, നിലവിലെ മാർഗരേഖ പോസ്റ്റ്കൊവിഡ് മരണങ്ങളടക്കം രോഗമുക്തിക്ക് ശേഷമുള്ള സാഹചര്യത്തെ കാണുന്നില്ലെന്നാണ് പരാതി.

കൊവിഡ് നെഗറ്റീവായതിന് തൊട്ടുപിന്നാലെ മരിച്ചവരെപ്പോലും പട്ടികയിൽ നിന്നൊഴിവാക്കിയതാണ് സംസ്ഥാനത്ത് വലിയ വിവാദമായ നടപടികളിലൊന്ന്. സർക്കാരിനെതിരെ വിമർശനം ശക്തമായപ്പോൾ, കൊവിഡ് നെഗറ്റീവായ ശേഷമുള്ള മരണങ്ങൾ ഒഴിവാക്കപ്പെടാൻ മാർഗരേഖ മനസിലാക്കുന്നതിൽ ഡോക്ടർമാർക്കുണ്ടായ അവ്യക്തതയും കാരണമായെന്ന വാദം ഉയർത്തിയത് ഡോ. സന്തോഷായിരുന്നു. മാർഗരേഖയിൽ പോരായ്മകളുണ്ടായിരുന്നുവെങ്കിൽ സംസ്ഥാനത്തിന് നിലപാടെടുക്കാമായിരുന്നില്ലേ എന്നാണ് മറുചോദ്യം.

പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ അംഗീകരിച്ച് കഴിഞ്ഞ ഒക്ടോബർ മുതൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗികമായ പ്രതിരോധ നടപടികൾ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇപ്പോഴും രോഗമുക്തിക്ക് ശേഷമുള്ളതും പോസ്റ്റ്കോവിഡ് മരണങ്ങളും പട്ടികയിലുൾപ്പെടുത്താൻ സർക്കാർ തയാറല്ലെന്ന വൈരുധ്യം അതേപടി നിൽക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios