വെളളമുണ്ട പഞ്ചായത്തും അടയ്ക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കും. രോ​ഗബാധിതരായ പൊലീസുകാരുടെ സമ്പർക്ക പട്ടിക വളരെ വലുതായത് ആശങ്കയുളവാക്കുന്നുണ്ട്.

വയനാട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ അതീവജാ​ഗ്രത. മുൻകരുതലിന്റെ ഭാ​ഗമായി മാനന്തവാടി പൂർണമായും അടയ്ക്കും. വെളളമുണ്ട പഞ്ചായത്തും അടയ്ക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കും. കൂടുതൽ പഞ്ചായത്തുകൾ അടച്ചിട്ടേക്കുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുറത്തു നിന്ന് ആർക്കും മാനന്തവാടിയിലേക്ക് പ്രവേശനമില്ല. പുറത്തുനിന്നുള്ളവരെ ഒരു കാരണവശാലും നിയന്ത്രണ മേഖലയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് നിർദ്ദേശം. പ്രതിരോധനടപടികളുടെ ഭാ​ഗമായി മാനന്തവാടി മുൻ‌സിപ്പാലിറ്റിയും തിരുനെല്ലി, എടവക പഞ്ചായത്തുകളും നേരത്തെ അടച്ചിരുന്നു. രോ​ഗബാധിതരായ പൊലീസുകാരുടെ സമ്പർക്ക പട്ടിക വളരെ വലുതായത് ആശങ്കയുളവാക്കുന്നുണ്ട്. പൊലീസുകാരിൽ ഒരാൾക്ക് 72 ഇടങ്ങളിലാണ് സമ്പർക്കമുള്ളത്. രണ്ടാമത്തെ ആൾക്ക് 52 ഇടങ്ങളിൽ സമ്പർക്കമുണ്ട്. ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ സമ്പർക്ക പട്ടിക ഇന്ന് പുറത്തിറക്കും. ഇതോടെ കൂടുതൽ പൊലീസുകാർ സമ്പർക്ക പട്ടികയിൽ ഇടം പിടിക്കും. പൊലീസുകാരുടെ സമ്പർക്കപ്പട്ടികയിലുള്ളവർ ഭൂരിഭാഗവും സേനാം​ഗങ്ങളാണ്.

നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകൻ തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്. ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകൾ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂർണമായും അടച്ചിടാൻ തീരുമാനമുണ്ടായത്. കൂടാതെ അമ്പലവയല്‍ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയിന്‍മെന്‍റ് സോണാക്കിയിട്ടുണ്ട്.

രോഗികളായ 19 പേരില്‍ 15 പേർക്കും രോഗം പകർന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്. ഇയാൾക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകർച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതല്‍പേർക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 2030 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.

Read Also: വയനാട്ടിൽ രോഗബാധിതർ കൂടാമെന്ന് മുന്നറിയിപ്പ്, കർശന നിയന്ത്രണം...