Asianet News MalayalamAsianet News Malayalam

60 കോടി ചെലവില്‍ നാല് മാസം കൊണ്ട് കേരളത്തിന് ടാറ്റയുടെ കൊവിഡ് ആശുപത്രി; നന്ദി പ്രകാശിപ്പിച്ച് മുഖ്യമന്ത്രി

മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കൊവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി

covid hospital constructed by tata hospital handed over to kerala state
Author
Kasaragod, First Published Sep 9, 2020, 10:53 PM IST

ചട്ടഞ്ചാല്‍: കാസർകോട് ചട്ടഞ്ചാലിൽ നാല് മാസം കൊണ്ട് ടാറ്റ നിർമ്മിച്ച കൊവിഡ് ആശുപത്രി സംസ്ഥാന സർക്കാരിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ  വീഡിയോ കോൺഫറൻസിലൂടെ ആശുപത്രി ഉദ്ഘാടനം ചെയ്തു. സ്വകാര്യ പൊതുമേഖല പങ്കാളിത്തത്തിന് ഉദാത്ത മാതൃകയായ ടാറ്റാ കൊവിഡ് ആശുപത്രി സംസ്ഥാനത്തിൻറെയും കാസർകോട് ജില്ലയുടെ ആരോഗ്യ മേഖലക്ക് കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിന് കരുത്തുപകരാൻ മുതൽ കൂട്ടാകുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.  റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ,  ആരോഗ്യ മന്ത്രി  കെ കെ ശൈലജ , രാജ് മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങി ജനപ്രതിനിധികൾ വീഡിയോ കോൺഫറസ് വഴിയും നേരിട്ടുംപങ്കെടുത്തു. 60 കോടി രൂപ ചെലവഴിച്ചാണ് കൊവിഡ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്.

മഹാമാരിയുടെ കാലത്ത് നാടിന്റെ ആവശ്യമറിഞ്ഞ് ചികിത്സാ സൗകര്യമൊരുക്കാനായി ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിര്‍മിച്ച് നല്‍കിയ കൊവിഡ് ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്തമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയുടെ ഓരോ ഘട്ടത്തിലും ജില്ലയില്‍ അതീവ ശ്രദ്ധയോടെയായിരുന്നു സര്‍ക്കാരിന്‍റെ ഇടപെടല്‍. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലായിരുന്നു ടാറ്റാ ട്രസ്റ്റും ടാറ്റാ ഗ്രൂപ്പ് കമ്പനികളും ചേര്‍ന്ന് 500 കോടി നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പ് പ്രതിനിധികള്‍ സര്‍ക്കാരുമായി ബന്ധപ്പെടുകയും ആശുപത്രി നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. 

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലെ അഞ്ചര ഏക്കർ ഭൂമിയിലാണ് നിർമിച്ചത്. ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കൊവിഡ് ക്വാറന്‍റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കൊവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും  സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്.

Follow Us:
Download App:
  • android
  • ios