തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ 65 വയസിന് മുകളിൽ പ്രായമുള്ള തടവുകാർക്ക് പരോൾ നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് അറുപതോളം തടവുകാർക്ക് പരോളിലിറങ്ങാനാവും.

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് റിപ്പോർട്ട്. ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 114 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയത്.  110 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കുമാണ് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചത്.  തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

 ജയിലിലെ തടവുകാരൻ കൊവിഡ്സെ ബാധിച്ച് ഇന്നലെ മരിച്ചിരുന്നു. വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച്  മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ ഈ മാസം 11നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ജയിലിൽ ആദ്യം രോഗബാധയുണ്ടായതും ഇദ്ദേഹത്തിനായിരുന്നു. 
 
Read Also: തിരുവനന്തപുരത്ത് ഇന്ന് 97.6 ശതമാനം പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെ, ആശങ്ക...