കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ  കൊവിഡ് ചികിത്സയിലായിരുന്ന ഒരു യുവതി കൂടി പ്രസവിച്ചു. സമാന രീതിയിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പ്രസവമാണിത്. ചെറുവാഞ്ചേരി സ്വദേശിയായ യുവതി ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്‍റെ നേതൃത്വത്തിൽ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചായിരുന്നു സിസേറിയൻ. 

അമ്മയേയും കുഞ്ഞിനെയും പ്രത്യേകം ഐസിയുകളിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ മാസം 17 ന് കൊവിഡ് ബാധിച്ചെത്തിയ  യുവതിയുടെ സ്രവ പരിശോധന ഫലം രണ്ട് ദിവസം മുമ്പ്  നെഗറ്റീവായിരുന്നു. ഈ മാസം 11 ന് കൊവിഡ് ചികിത്സയിലിരിക്കെ കാസർകോട് സ്വദേശിനിയായ യുവതിയും പരിയാരം മെഡിക്കൽ കോളേജിൽ പ്രസവിച്ചിരുന്നു. മൂന്ന് ദിവസം മുമ്പാണ് അമ്മയും കുഞ്ഞും പൂർണ രോഗമുക്തി നേടി ആശുപത്രി വിട്ടത്.