തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന അറുനൂറ്റിപത്ത് ക്ലസ്റ്ററുകളിൽ നാനൂറ്റി പതിനേഴും സാധാരണ നിലയിലേക്ക് എത്തിയെന്ന് ആരോഗ്യ വകുപ്പ്. ഇടുക്കി ഒഴികെ 13 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവെന്നും പ്രതിവാര റിപ്പോർട്ട് പറയുന്നു. തീപ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 

കേരളത്തിന് ആശ്വാസമാണ് പുതിയ കണക്കുകൾ. 610 ക്ലസ്റ്ററുകളിൽ 417 ഉം നിർജീവമായി. നവംബർ ആദ്യവാരം ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു. 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് രോഗം കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഈയാഴ്ച 15 ലെത്തി. ഇടുക്കിയിൽ മാത്രമാണ് നേരിയ വർധന. തൊണ്ണൂറ്റിയാറായിരം പേർ ഒരേ സമയം ചികിൽസയിലുണ്ടായിരുന്നിടത് ഇപ്പോൾ  77813 മാത്രമാണ്.

ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. 230 പേർ വെന്റിലേറ്റർ സഹായത്തിൽ ചികിത്സ തേടുന്നു.  മരണനിരക്കിൽ പക്ഷെ കാര്യമായ കുറവില്ല. പന്ത്രണ്ട് ദിവസത്തിടെ  312 പേർ മരിച്ചു. പുതിയ കണക്കുകൾ കൊവിഡ് വ്യാപന തീവ്രത കുറയുന്നു എന്ന് വ്യക്തിമാക്കുമ്പോഴും തിരഞ്ഞെടുപ്പ് അടക്കം ഉള്ളവ മുന്നിലുള്ളപ്പോൾ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പും നൽകുകയാണ്.