തൃശ്ശൂർ: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഉണ്ടാകില്ലെന്ന് ഉറപ്പായി. ചടങ്ങായി പോലും പൂരം നടത്തേണ്ടതില്ലെന്നാണ് ഭാഹവാഹികള്‍ ധാരണയിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. 

ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. മെയ് 2 നാണ് തൃശൂര്‍ പൂരം നടക്കേണ്ടത്. ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിൻറെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. ഇത് പോലും വേണ്ടെന്നാണ് ഇപ്പോൾ ധാരണയിലെത്തിയിരിക്കുന്നത്.

അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായും നടത്താം. ലോക്ക് ഡൗണ്‍ പിൻവലിച്ചാല്‍ ദേവസ്വം ഗസ്റ്റ് ഹൗസിലെ റൂമുകള്‍ ഓണ്‍ലൈൻ വഴി പണമടച്ച് ബുക്ക് ചെയ്യാനും ബുദ്ധിമുട്ടില്ല. കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പേ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭകതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

പൂജകളും ചടങ്ങുകളും സാധാരണ പോലെ തുടരുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെത്താനാകാത്ത ഭക്തര്‍ക്ക് വഴിപാട് നടത്താനാകാത്ത അവസ്ഥയാണുളളത്. ഇത് ഒഴിവാക്കാനാണ് ഓണ്‍ലൈനിലൂടെ ഇതിനുളള സൗകര്യമൊരുക്കിയത്. പുഷ്പാഞ്ജലി മുതല്‍ ഉദയാസ്തമന പൂജ വരെയുളള വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.

ക്ഷേത്രം അടച്ചതു മൂലം വഴിപാടിലൂടെയും നടവരവിലൂടെയുമുളള ദേവസ്വത്തിൻറെ വരുമാനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. വഴിപാടുകള്‍ ഓണ്‍ലൈൻ ആക്കുന്നതിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്താനുമാകൂമെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗണിനുശേഷവും ഓണ്‍ലൈൻ സംവിധാനം തുടരും.