Asianet News MalayalamAsianet News Malayalam

ആശുപത്രികളിൽ രോ​ഗവ്യാപന സാധ്യത കൂടുതലാണ്, ശ്രദ്ധിക്കണം; മാസ്ക് മറക്കരുതെന്നും മുഖ്യമന്ത്രി

ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം.

covid lockdown cm pinarayi vijayan says dont forget to wear mask
Author
Thiruvananthapuram, First Published Apr 28, 2020, 5:51 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ മുൻകരുതൽ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക അകലം സൂക്ഷിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാനും ജനങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾ രോ​ഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ്. ഇവിടങ്ങളിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ മറക്കരുത്. ആരോ​ഗ്യ വകുപ്പും പൊലീസും ജില്ലാ ഭരണകൂടങ്ങളും ഇക്കാര്യങ്ങളിൽ ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ....

മഴ ആരംഭിച്ചതോടെ പനിയും മറ്റും വരുന്നുണ്ട്. ആശുപത്രികളിൽ രോഗികളുടെ വരവ് കൂടി. മെഡിക്കൽ കോളേജുകളിൽ ഒപികളിൽ തിരക്ക് വർധിച്ചു. നാം കാണേണ്ടത് ആശുപത്രികളാണ് രോഗവ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങൾ. അതുൾക്കൊണ്ട് ശാരീരിക അകലവും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാൻ പ്രത്യേകം ഇടപെടണം. ആരോഗ്യവകുപ്പ് ഇത് ശ്രദ്ധിക്കും. സ്വകാര്യ ആശുപത്രികളിലും അശ്രദ്ധ ഉണ്ടാകരുത്.

രണ്ട് ദിവസമായി റോഡുകളിലും കമ്പോളങ്ങളിലും തിരക്കുണ്ട്. തിരുവനന്തപുരത്ത് തന്നെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാർക്കറ്റുകളിലും ശാരീരിക അകലം പാലിക്കാതെ ആൾക്കൂട്ടം ഉണ്ടാകുന്നു. പൊലീസും ജില്ലാ ഭരണ സംവിധാനങ്ങളും ശക്തമായി ഇക്കാര്യത്തിൽ ഇടപെടണം.

സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ് ശരിയായ നിലപാട് സ്വീകരിക്കാൻ നിർബന്ധിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണത്തിൽ കൂടുതൽ ഇടപെടൽ വേണം. ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിർമ്മാർജ്ജനം ചെയ്യണം. നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഗൗരവം ഉൾക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏർപ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിർവഹിക്കാൻ സാധിക്കില്ലെങ്കിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാൻ നിർദ്ദേശിച്ചിരുന്നു. അവർക്ക് തൊഴിൽ ഇല്ലാത്ത ഘട്ടത്തിൽ ഈ രീതിയിൽ തൊഴിൽ ലഭിക്കുന്നത് സഹായകരമാകും.

ബ്രേക് ദി ചെയിൻ പദ്ധതി വിജയമാണ്. എന്നാൽ മാസ്ക് ധരിക്കുന്ന കാര്യത്തിൽഇപ്പോഴും അലംഭാവമുണ്ട്.   പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കണം. അതിൽ വലിയ അലംഭാവം കാണുന്നു. ഇനിയുള്ള നാളുകളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗം വരും. സ്കൂളുകളിൽ, യാത്രകളിൽ, ആൾക്കാർ കൂടുന്ന ഇടങ്ങളിൽ എല്ലാം മാസ്ക് നിർബന്ധമായും ധരിക്കണം.

Read Also: ലോക്ക്ഡൗൺ: പുതിയ പ്രതിസന്ധികൾ ഉയരുന്നു; വിദ​ഗ്ധരുമായി ചർച്ച ചെയ്ത് പദ്ധതികൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി...

 

Follow Us:
Download App:
  • android
  • ios