കോട്ടയം: കൊവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വഴിയോരക്കച്ചവടവും ലൈസൻസില്ലാത്ത കച്ചവടവും നിരോധിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു..

നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ചുമതല നല്‍കി.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനം.

🔸മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം.

🔸പ്രവേശിക്കുന്ന സ്ഥലത്ത് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരോഷ്മാവ് അളക്കണം. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്‍കുന്ന പാസുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. 

🔸ഇത്തരം പാസില്ലാത്ത വാഹനങ്ങളില്‍നിന്ന് കടയുടമകളും തൊഴിലാളികളും ചരക്ക് ഇറക്കാന്‍ പാടില്ല. 

🔸പരിശോധനയില്‍ പനി സംശയിക്കപ്പെടുന്നവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് തുടര്‍പരിശോധനയ്ക്ക് എത്തിക്കണം.

🔸മാര്‍ക്കറ്റിലേക്കുള്ള പ്രവേശന സ്ഥലത്ത് ഈ  നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന രീതിയില്‍ ലോഡ് ഇറക്കുന്നതിനുള്ള സമയം  ക്രമീകരിക്കണം.

🔸മൊത്തവിതരണ, കച്ചവടക്കാര്‍ ദിവസേന തങ്ങളുടെ കടയില്‍ ലോഡ് ഇറക്കിയ വാഹനങ്ങളുടെയും ലോഡ് ഇറക്കിയ തൊഴിലാളികളുടെയും പേരുവിവരവും ഫോണ്‍ നമ്പരുകളും എഴുതി സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം.

🔸എല്ലാ സ്ഥാപനങ്ങളിലും ഓരോ ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും മേല്‍വിലാസവും അതത് സ്ഥാപന ഉടമകള്‍ ദിവസേന എഴുതി സൂക്ഷിക്കണം.

🔸എല്ലാ കയറ്റിറക്കു തൊഴിലാളികളുടെയും ശരീരോഷ്മാവ് മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്ത്  പരിശോധിക്കണം. കയറ്റിറക്ക് തൊഴിലാളികള്‍  യൂണിഫോം നിര്‍ബന്ധമായും ധരിക്കണം.

🔸കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരും വാഹന ഡ്രൈവര്‍മാരും മാര്‍ക്കറ്റിലെത്തുന്ന പൊതുജനങ്ങളും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

🔸മൊത്ത വ്യാപാര മാര്‍ക്കറ്റുകളില്‍ ചില്ലറ വില്പന പരമാവധി ഒഴിവാക്കണം.

🔸സ്ഥാപന ഉടമകളും ജോലിക്കാരും സാമൂഹിക അകലം പാലിക്കുകയും മാസ്ക്, ഗ്ലൗസ്, ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

🔸മാര്‍ക്കറ്റിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാത്ത കച്ചവടവും വഴിയോരകച്ചവടവും പൂര്‍ണ്ണമായും നിരോധിച്ചു.

🔸ലോറി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം പൊതിയായി കടയുടമകള്‍ നല്‍കണം. തൊഴിലാളികള്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കുക. ലോഡ് ഇറക്കിക്കഴിഞ്ഞാലുടന്‍ വാഹനങ്ങള്‍  മാര്‍ക്കറ്റില്‍ നിന്ന് പോകണം. 

🔸മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നിടത്ത്  സഹായകേന്ദ്രം, മാര്‍ക്കറ്റിനുള്ളില്‍ ലോറി തൊഴിലാളികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള സ്ഥലം,  ഒരോരുത്തരും ഉപയോഗിച്ച ശേഷം ശുചിമുറികളുടെ അണുനശീകരണം, ശുചിമുറികളുടെ മുന്‍വശത്ത് വിവിധ ഭാഷകളില്‍ ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ വ്യാപാരി വ്യവസായികള്‍ സംയുക്തമായി നടപ്പാക്കണം.

🔸മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം  പ്രദര്‍ശിപ്പിക്കണം. 

🔸ഇന്‍സിഡന്‍റ് കമാണ്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന മാര്‍ക്കറ്റുകളില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം.