Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 34694 പുതിയ രോഗികള്‍; 31319 രോഗമുക്തര്‍, 93 മരണം, ടിപിആര്‍ 26.41 %

 മരണസംഖ്യ 93 ആണ്. ഇപ്പോൾ 442194 പേരാണ് ചികിത്സയിലുള്ളത്. 31319 പേര്‍ക്ക് രോ​ഗമുക്തിയുണ്ടായി.

Covid new positive cases and death number explained by pinarayi vijayan
Author
Trivandrum, First Published May 14, 2021, 6:06 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 4346, മലപ്പുറം 3775, എറണാകുളം 3739, തൃശൂര്‍ 3148, കൊല്ലം 2978, പാലക്കാട് 1578, കോഴിക്കോട് 2693, കണ്ണൂര്‍ 2014, ആലപ്പുഴ 2145, കോട്ടയം 1901, ഇടുക്കി 1245, പത്തനംതിട്ട 1163, കാസര്‍ഗോഡ് 1060, വയനാട് 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

112 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 20, വയനാട് 13, കാസര്‍ഗോഡ് 12, തിരുവനന്തപുരം 11, എറണാകുളം 8, കൊല്ലം 6, തൃശൂര്‍ 4, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2802, കൊല്ലം 2634, പത്തനംതിട്ട 117, ആലപ്പുഴ 3054, കോട്ടയം 2174, ഇടുക്കി 836, എറണാകുളം 3341, തൃശൂര്‍ 2679, പാലക്കാട് 2924, മലപ്പുറം 3981, കോഴിക്കോട് 3912, വയനാട് 644, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,42,194 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,36,790 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,14,454 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,77,257 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,197 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4018 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 844 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് വ്യാപനം സമൂഹത്തിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള നടപടികളാണ് തുടക്കം മുതൽ സംസ്ഥാനം സ്വീകരിച്ചത്. കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയത്. ലോക്ക്ഡൗണിലും തുടർന്നും വിതരണം ചെയ്തു. 85 ലക്ഷം കുടുംബം ഇതിൻ്റെ ഗുണഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണവും ഭക്ഷ്യവകുപ്പിൻ്റെ ഫണ്ടും ഇതിനായി ഉപയോഗിച്ചു. അഗതിമന്ദിരങ്ങളിലും ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വസ്തുക്കൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് നൽകി. ക്ഷേമപെൻഷൻ, സുഭിക്ഷ പദ്ധതിയും കുടുംബശ്രീ ഹോട്ടലുകളും വലിയൊരളവ് ജനങ്ങൾക്ക് തുണയായി. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശ രഹിത വായ്പാ പദ്ധതിയും ജനത്തിന് ​ഗുണം ചെയ്തു. ഇത്തരം പദ്ധതികൾ തുടരും.

ലോക്ക്ഡൗൺ നീട്ടി

എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി. ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂ‍ർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ലോക്ക് ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരം​ഗത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ ഉടനെ പൂർത്തിയാക്കും. 823 കോടി രൂപ പെൻഷനായി നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അം​ഗങ്ങളായവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകും.

ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോ​ഗിക്കും. ഫണ്ടില്ലാത്തവർക്ക് സർക്കാർ സഹായം നൽകും. ക്ഷേമനിധിയിൽ സഹായം കിട്ടാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം നൽകും. സാമൂഹികക്ഷേമ - വനിത ശിശുക്ഷേവകുപ്പുകളിലെ അംഗനവാടി ടീച്ചർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19500 എഡിഎസുകൾക്ക് ഒരുലക്ഷം രൂപ വീതം റിവോൾവിം​ഗ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയുടെ ഈ വർഷത്തെ സബ്സിഡി 93 കോടി രൂപ മുൻകൂറായി നൽകും.  വസ്തു നികുതി ടൂറിസം നികുതി ലൈസൻസ് പുതുക്കൽ എന്നിവയ്ക്കുള്ള സമയം കൂട്ടും.

ലോക്ക്ഡൗണിൻ്റെ ​ഗുണഫലം എത്രത്തോളം എന്നറിയാൻ ഇനിയും കാത്തിരിക്കണം. മെയ് മാസം കേരളത്തിന് വളരെ നിർണായകമാണെന്ന് വിദ​ഗദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രോ​ഗവ്യാപനം വലിയ തോതിൽ കൂടുന്ന പ്രവണതയാണ് കേരളം അടക്കമുള്ള തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. മെയ് മാസത്തിന് ശേഷം ഈ സ്ഥിതി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. രോ​ഗവ്യാപനം അതിശക്തമാകുന്ന ഈ മെയ് മാസത്തിൽ പരമാവധി ശ്രദ്ധ പുലർത്തിയാൽ നമ്മുക്ക് മരണനിരക്ക് കുറയ്ക്കാം. മഴ ശക്തമായാൽ രോ​ഗവ്യാപനം കൂടിയേക്കാം. ചെറുപ്പക്കാർ രോ​ഗവ്യാപനത്തെ തുടർന്ന് മരണത്തിനിരയാവുന്നുണ്ട്. വിദ​ഗ്ദ്ധർ പറയുന്നത് നേരത്തെ ചില രോ​ഗമുള്ളവർക്ക് കൊവിഡ് ബാധ ഉണ്ടായാൽ സ്ഥിതി വേ​ഗം വഷളാവുന്നു എന്നാണ്. അപൂർവ്വം ചിലരെങ്കിലും കൊവിഡ് ബാധിച്ച ശേഷം ഡോക്ടർമാരെ കാണാതിരിക്കുന്നത് അപകടമാണ്. പ്രമേഹം, രക്തസമ്മർദ്ദം പോലെ ജീവിതശൈലി രോ​ഗമുള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയംതീരുമാനമെടുക്കാതെ ഡോക്ടറെ കാണുകയും ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.

മഴ കൂടിയാൽ മഴക്കാല രോ​ഗങ്ങളും കൂടും. അതു ​സ്ഥിതി ​ഗുരുതരമാക്കും. അതു തടയാൻ നാം ഒത്തൊരുമിച്ച് നീങ്ങണം. കഴിഞ്ഞ തവണ ഒരു സമൂഹമെന്ന നിലയിൽ നമ്മുക്ക് നന്നായി നീങ്ങാനായി. മഴക്കാലപൂർവ്വശൂചികരണം കൂടുതൽ വേ​ഗത്തിലും മികവിലും പൂർത്തിയാക്കണം. ലോക്ക്ഡൗണിൻ്റെ ഭാ​ഗമായി എല്ലാവരും വീട്ടിൽ തന്നെ കഴിയുന്ന സാഹചര്യമാണുള്ളത്. വീടുകൾക്ക് ചുറ്റുമുള്ള ഇടങ്ങളിൽ കൊതുകിന് മുട്ടയിട്ട് വളരാനുള്ള സാഹചര്യം പൂർണമായി ഒഴിവാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഒരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച മെയ് 16  വീടും പരിസരവും ശുചിയാക്കാനുള്ള ഡ്രൈ ഡേയായി ആചരിക്കാം.

കൊവിഡ് ബ്രി​ഗേഡിൻ്റെ ഭാ​ഗമായി എൻഎച്ച്ആ‍ർഎം ജീവനക്കാർക്കുള്ള ഇൻസെൻ്റീവിനും റിസ്ക് അലവൻസിനുമായി 77.42 കോടി ആരോ​ഗ്യവകുപ്പ് അനുവദിച്ചു. 2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെയുള്ള തുകയാണ് അനുവദിച്ചത്. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ് കൊവിഡ് ബ്രി​ഗേഡ് വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നു. ഓരോ കുടുംബത്തിലും രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ താലൂക്ക്,വാർഡ് അടിസ്ഥാനത്തിൽ കിടക്കകൾ സജ്ജമാക്കി വരുന്നു. കൊവിഡ് രോ​ഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡൊമിസിലറി കെയർ സെന്‍റര്‍ (കരുതൽ വാസകേന്ദ്രം) കൂടുതൽ സജ്ജമാക്കും. കൂടുതൽ എംബിബിഎസ് ഡോക്ടർമാരുടേയും നഴ്സുമാരുടേയും സേവനം കൊവിഡ് ബ്രി​ഗേഡിന് ആവശ്യമുണ്ട്. സംസ്ഥാനത്ത് കൊവിഷിൽഡ് വാക്സീൻ ആദ്യഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോ​ഗ്യകുടുംബക്ഷേമന്ത്രാലയം നൽകിയ പുതുക്കിയ മാർ​ഗനി‍ർദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കിടയിൽ കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് എടുത്താൽ മതിയാവും.

എന്നാൽ കൊവാക്സിൻ സെക്കൻഡ് ഡോസ് നാല് മുതൽ ആറ് ആഴ്ചകൾക്കിടയിൽ എടുക്കണം. രണ്ടാം ഡോസ് എടുക്കുമ്പോൾ 84 മുതൽ 112 ദിവസം വരെയുള്ള ഇടവേള കൊവിഷിൽഡിന് കൂടുതൽ ഫലപ്രാപ്തി നൽകുന്നു എന്ന് കണ്ടെത്തിയതിനാലാണ് ഇടവേള വർധിപ്പിച്ചത്. അതിനാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടേണ്ട കാര്യമില്ല എല്ലാവർക്കും വാക്സിൻ കിട്ടും. 18  - 45 പ്രായത്തിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങും, തിങ്കൾ മുതൽ വാക്സിനേഷൻ ആരംഭിക്കും. വാക്സീൻ എടുത്താലും കൊവിഡ് മുൻകരുതൽ തുടരണം. സാമൂഹത്തിൽ എല്ലാവരും വാക്സിനേഷൻ സ്വീകരിക്കും വരെ മുൻകരുതലും ജാ​ഗ്രതയും തുടരണം.

കേരളത്തിലെ പരിശോധന സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ആൻ്റിജൻ പോസീറ്റിവാണെങ്കിൽ ആർടിപിസിആർ നടത്തി വീണ്ടും പരിശോധിക്കുന്നതിന് പകരം ആൻ്റിജൻ ഫലം അന്തിമമായി സ്വീകരിക്കും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവാൻ പരിശോധന ആവശ്യമില്ല. മറ്റു സംസ്ഥാനങ്ങളിലെ ​ഗ്രാമീണമേഖലകളിൽ കൊവിഡ് വ്യാപനം അതിശക്തമാണ്. അതിനാൽ നമ്മുടെ സംസ്ഥാനത്തും ​ഗ്രാമപ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും കൂടുതൽ ടെസ്റ്റിം​ഗ് നടത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രോ​ഗലക്ഷണമുണ്ടായാൽ കൊവിഡ് തന്നെയെന്ന് ഉറപ്പിച്ച് സ്വയം ഐസൊലേഷനിലേക്ക് പോകുകയും വാർഡ് കൗൺസിലറെയോ ആരോ​ഗ്യപ്രവർത്തകരയോ ബന്ധപ്പെട്ട ശേഷം ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാവണം.

ഓക്സിജൻ വിതരണത്തിൽ നിലവിൽ ആശങ്കയ്ക്ക് സാഹചര്യമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഓക്സിജൻ വരും. കപ്പൽ മാ‍​ർ​ഗം വാക്സീൻ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഓക്സിജൻ എക്സ്പ്രസ് വഴി 150 മെട്രിക് ടൺ ഓക്സിജൻ വരും എന്നാണ് വിവരം. ഇതോടെ ഓക്സിജൻ പ്രതിസന്ധി ഏതാണ്ട് തീരും. ലോക്ക്ഡൗൺ കാലം വീട്ടിൽ തനിച്ചിരിക്കുന്നവരില്‍ പുസ്തകം വായിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടാവും. അതിനായി പുസ്തകം കൊറിയർ വഴി നൽകാവുന്നതാണ്. വൃദ്ധസദനങ്ങളിലും ആദിവാസി കോളനികളിലും അടിയന്തരമായി വാക്സിനേഷൻ പൂർത്തിയാക്കും. ആദിവാസി കോളനികളിലും വാക്സിനേഷൻ ഉടൻ പൂർത്തിയാക്കും. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോ​ഗികളെ പ്രവേശിക്കുകയും അവർക്കായി ബെഡ് മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പാക്കണം. റബർ സംഭരിക്കാനും എത്തേണ്ട സ്ഥലങ്ങളിൽ എത്തിക്കാനും കഴിഞ്ഞില്ലെങ്കിൽ ഇതിൻ്റെ മറവിൽ റബർ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ റബർ സംഭരണത്തിനുള്ള കടകൾ തിങ്കൾ,വെള്ളി ദിവസങ്ങളിൽ തുറക്കാം.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ കരുത്താർജിച്ച് ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാ​ഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമോ ശക്തമായതോ ആയ മഴ ഉണ്ടാവും. കണ്ണൂർ കാസർകോട് ജില്ലകളിൽ ചുഴലിക്കാറ്റിൻ്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായേക്കാം. സമീപജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങൾ ശ്രദ്ദിക്കണം ആവശ്യമെങ്കിൽ ശാഖകൾ വെട്ടിക്കളയണം. ശക്തമായ മഴ തുടർന്നാൽ ന​ഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങൾ തയ്യാറാവണം.

വിവിധ സേനാവിഭാ​ഗങ്ങളും വകുപ്പുകളും സംസ്ഥാന വ്യാപകമായി അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്. ദുരന്തനിവാരണ സേനയുടെ ഒൻപത് ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസർകോടും രണ്ട് സംഘങ്ങൾ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാന്‍ഡ് ബൈ ആയി നിൽക്കും. എഞ്ചിനീയറിം​ഗ് വിഭാ​ഗത്തിൻ്റെ ഒരു ടീം ബം​ഗ്ലൂരുവിൽ സ്റ്റാൻഡ് ബൈ ആയി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. മത്സ്യബന്ധനത്തിന് പോകാനുള്ള നിരോധനം തത്കാലം തുടരും.

Follow Us:
Download App:
  • android
  • ios