Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് രോഗമുക്തി ഉയരുന്നു; 1950 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, 1553 പേര്‍ക്ക് കൂടി രോഗം, 10 മരണം

24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21526 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വർധിച്ചു.

covid numbers given by cheif minister pinarayi vijayan
Author
Trivandrum, First Published Sep 3, 2020, 6:02 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1553 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 1391 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 1950 പേര്‍ക്കാണ് രോഗമുക്തി. കൊവിഡ് മൂലം 10 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 30342 സാമ്പിളുകൾ പരിശോധിച്ചു. 21526 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് ഒരു ദിവസത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 83883 ആയി വർധിച്ചു. 1043 മരണം 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസ് 38.54 ലക്ഷമായി. 8.16 ലക്ഷം പോസിറ്റീവ് കേസ് നിലവിലുണ്ട്. 67400 പേർ മരിച്ചു. തതുല്ല്യമായ വർധനവ് കേരളത്തിലില്ല. എന്നാൽ സ്ഥിതി ആശ്വാസത്തിന് വക നൽകുന്നതല്ല. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാൽ ആളുകള്‍ പൊതുവെ ടെസ്റ്റിന് പോകാൻ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തിൽ പൊതുവിൽ എണ്ണം കുറഞ്ഞതിനാലാണ് കേസുകൾ കുറഞ്ഞത്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ദിവസത്തിൽ കൂടുതലാണ്. ടെസ്റ്റ് കൂടുമ്പോൾ പോസിറ്റീവ് കേസും കൂടും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചിന് താഴെ നിർത്തണം. രണ്ട് ദിവസങ്ങളിൽ അത് എട്ടിന് മുകളിലാണ്. ഒരു മാസത്തിനിടെ മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം കേസുകളുണ്ടായി. ഇതിൽ നിന്നും മനസിലാക്കേണ്ടത് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ്.

ചില പഠനങ്ങൾ പറയുന്നത്, ഒക്ടോബർ അവസാനത്തോടെ കേസുകൾ വീണ്ടും വർധിക്കുമെന്നാണ്. നമ്മള്‍ ജനുവരി മുതൽ കൊവിഡിനെതിരെ പോരാടുന്നുണ്ട്. വ്യാപനം അതിന്‍റെ ഉച്ഛസ്ഥായിയിൽ എത്തുന്നത് തടയാനായി. അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയിൽ പോസിറ്റീവ് കേസ് വർധിച്ചില്ല. ജനമാകെ ജാഗ്രത പുലർത്തിയെന്നതിനാലാണിത്.

നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഈ സമയത്ത് 10000-20000 കേസുകൾ വരുമെന്നായിരുന്നു വിദഗ്ദ്ധർ പറഞ്ഞത്. അതുണ്ടായില്ല. എന്നാൽ രോഗവ്യാപനം ഉയർന്നു. ഓണം കഴിഞ്ഞു. ഓണാവധികാലം മാർക്കറ്റുകൾ സജീവമായിരുന്നു. ജന സമ്പർക്ക തോത് കൂടി. ആളുകൾ ഓണാവധിക്ക് നാട്ടിലെത്തി. ഇതിന്‍റെ ഫലമായി രോഗവ്യാപനം വർധിച്ചോയെന്ന് വ്യക്തമാകാൻ ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ്.

കൂടുതൽ ഇളവുകൾ വന്നു. പൊതുവെ എല്ലായിടത്തും തിരക്കേറി. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോവുക എന്ന അടിസ്ഥാനത്തിലാണ് ഇളവ് നൽകുന്നത്. വ്യക്തിപരമായ ജാഗ്രത വർധിപ്പിക്കണം. ലോക്ക്ഡൗൺ നാലം ഘട്ട ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അടിച്ചിട്ട് എല്ലാ കാലത്തും പോകാനാവില്ല. സംസ്ഥാനവും ഇളവ് നൽകുന്നുണ്ട്. ഔപചാരിക നിയന്ത്രണം ഒഴിവാകുമ്പോൾ ഒരു നിയന്ത്രണവും വേണ്ടെന്നല്ല അർത്ഥം. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറും.

ശാരീരിക അകലം പാലിക്കൽ, രോഗവ്യാപന സാഹചര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കല്‍ എന്നിവ എല്ലാവരും പ്രതിജ്ഞയായി ഏറ്റെടുക്കണം. വയോജനങ്ങളെ ഉയർന്ന കരുതലോടെ പരിപാലിക്കണം. വയോജനങ്ങളുമായി കുറച്ചധികം സമ്പർക്കം ഉണ്ടായി. ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഓണം ക്ലസ്റ്റർ എന്ന നിലയിൽ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതൽ ജാഗ്രത പുലർത്തണം.

രോഗവ്യാപനം മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ സ്വയം പരിശ്രമം വേണം. വയോജനങ്ങളിൽ രോഗവ്യാപനം കൂടിയാൽ മരണനിരക്ക് വർധിക്കും. പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായില്ല. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്റർ ഉണ്ടാകാനും ശക്തമായ വ്യാപന സാധ്യത മുന്നിൽ കണ്ടും പ്രവർത്തിക്കണം. ജാഗ്രത എത്ര കാലം തുടരണമെന്ന ചോദ്യമുണ്ട്. വാക്സിൻ വരുന്നത് വരെ എന്നാണുത്തരം. 

ജാഗ്രത ഒരു സോഷ്യൽ വാക്സിനായി കാണണം. അത് തുടരണം. ബ്രേക് ദി ചെയിൻ പോലെയുള്ള സോഷ്യൽ വാക്സിനാണ് ഫലവത്തായി നടപ്പാക്കേണ്ടത്. കൊവിഡ് ബ്രിഗേഡിന് വലിയ സ്വീകാര്യത ലഭിച്ചു. കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ വർധിച്ചു. 12804 പേർ രജിസ്റ്റർ ചെയ്തു. 6234 പേർ മെഡിക്കൽ പ്രൊഫഷണലുകളാണ്. 2397 ഡോക്ടർമാർ, 2695 നഴ്സുമാരും 706 ലാബ് ടെക്നീഷ്യന്മാരും 530 ഫാർമസിസ്റ്റുകളും രജിസ്റ്റർ ചെയ്തു. ഇവർ ഒരു കരുതൽ ഫോഴ്സായി കൂടെയുണ്ടാവും. കേസുകളുടെ എണ്ണം വർധിച്ചാൽ ഇവരുടെ സേവനം ആശുപത്രികളും സിഎഫ്എൽടിസികളിലും ഉപയോഗിക്കും.

ബ്രിഗേഡിലേക്ക് കൂടുതൽ പേർ രജിസ്റ്റർ ചെയ്യണം. ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും നിയന്ത്രണം നല്ല രീതിയിൽ പാലിച്ചു. എന്നാൽ ചില കേന്ദ്രങ്ങളിൽ തീരെ നിയന്ത്രണം ഇല്ലാത്ത സ്ഥിതിയുണ്ടായി. കടകളിലോ മാർക്കറ്റിലോ ചെല്ലുന്നവർ പേര് എഴുതിയിടണം എന്നതിൽ വലിയ വീഴ്ചയുണ്ടായി. സൂക്ഷിച്ച പേന ഉപയോഗിക്കുന്നതിൽ പലർക്കും വിമുഖത ഉണ്ടായി. അതിന് പരിഹാരം വേണം. കോഴിക്കോട് വിജയകരമായി പരീക്ഷിച്ച ക്യുആർ കോഡ് സ്കാനിങാണ് പരിഹാരം. ഒരു കേന്ദ്രത്തിൽ എത്തുന്നവർ അവിടെ പ്രദർശിപ്പിച്ച ക്യു ആർ കോഡ് സ്കാൻ ചെയ്യണം. അതോടെ എത്തിയ ആളെ കുറിച്ച് ആവശ്യമായ വിവരം രേഖയിൽ വരും. ഷോപ്പിലോ സ്ഥലത്തോ കൊവിഡ് ബാധയുണ്ടായാൽ സന്ദർശിച്ച എല്ലാവർക്കും നിർദ്ദേശം നൽകാൻ ഇത് സഹായിക്കും. പൊതുവെ എല്ലായിടത്തും ഇത് പ്രായോഗികമാക്കാം.

മാസ്ക് ധരിക്കാത്ത 7477 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. സർക്കാർ നിഷ്കർഷിച്ച പ്രതിരോധ ഇടപെടൽ കുറയുന്നു. ക്വാറന്‍റീന്‍ ലംഘിക്കുന്ന എണ്ണവും കൂടുന്നു. മാസ്ക് സ്വയരക്ഷയ്ക്കും ചുറ്റുമുള്ളവർക്ക് രോഗം പകരാതിരിക്കാനുമാണ് ധരിക്കുന്നത്. അതിൽ തികഞ്ഞ ജാഗ്രത പാലിക്കണം. ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം 910684 ആണ്. 61 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. 563093 പേർ. 347931 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 61.26 ശതമാനം പേരും റെഡ് സോണുകളിൽ നിന്നാണ് വന്നത്. 

ഇന്നലെ ശ്രീനാരായണ ഗുരു ജയന്തിയായിരുന്നു. ഗുരുവിന് ഉചിതമായ സ്മാരകം ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രയോക്താവായ ഗുരുവിന്‍റെ നാമധേയത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല രൂപീകരിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ ഇത് നിലവിൽ വരും. കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലത്തായിരിക്കും ആസ്ഥാനം. നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ പഠന സംവിധാനം സംയോജിപ്പിച്ച് ഈ സർവകലാശാല പ്രവർത്തിക്കും. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാനാവും. കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തിയവർക്ക് അതുവരെയുള്ള പഠനം അനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ദേശീയ-അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുണ്ടാകും.

സർക്കാർ-എയ്ഡഡ് കോളേജുകളിലെ ലാബുകൾ പുതിയ സർവകലാശാലക്ക് പ്രയോജനപ്പെടുത്തും. നൈപുണ്യ വികസന കോഴ്സും നടത്തും. വിദ്യാഭ്യാസത്തിന്‍റെ ജനകീയ വത്കരണ രംഗത്ത് വലിയ മാറ്റത്തിന് ഇതിലൂടെ തുടക്കമാകും. ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം നിർമ്മിക്കാൻ കൽപ്പറ്റ വാരമ്പറ്റത്ത് ഒരേക്കർ സ്ഥലം ബോബി ചെമ്മണ്ണൂർ സംഭാവനയായി നൽകി. ജൂനിയർ നഴ്സുമാരുടെ സ്റ്റൈപ്പന്‍റ് വർധനവിൽ ആരോഗ്യവകുപ്പ് പരിശോധിക്കും.

വ്യാജ ഒപ്പ് വിവാദം

സാധാരണ ഗതിയിൽ കാര്യങ്ങൾ അറിയാത്തത് കൊണ്ടാവും. അവർക്കതിനെ കുറിച്ച് നിശ്ചയം ഇല്ലാത്തത് കൊണ്ടായിരിക്കാം പരാതി. നേരത്തെ ഇത്തരമൊരു കാര്യം വന്നപ്പോ അതുമായി ബന്ധപ്പെട്ട് അന്ന് വിശദീകരണം വന്ന കാര്യം, അതിവിടെ  പറയാം. ഒപ്പ് എന്‍റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്‍റെ ഫയൽ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബർ ആറിന് 39 ഫയലുകൾ ഒപ്പിട്ടിട്ടുണ്ട്. എന്‍റെ കയ്യിലും യാത്രയുടെ ഘട്ടത്തിൽ ഐ പാഡ് ഉണ്ടാകാറുണ്ട്.

ആറാം തീയതി ഫയൽ അയച്ച് കിട്ടി. അതിൽ ഒപ്പിട്ട് തിരിച്ചയച്ചതാണ്. അതിന്‍റെ രേഖയും കയ്യിലുണ്ട്. ആറാം തീയതി എന്ന ദിവസം 39 ഫയലുകൾ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇങ്ങനെ ഫയൽ അയക്കാറുണ്ട്. അതെല്ലാം ഞാൻ നോക്കി അംഗീകരിച്ച് ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ഒപ്പ് വ്യാജമല്ല. 

യുഡിഎഫ് ഇപ്പോൾ ഈ നിലയിലാണ് സ്വീകരിക്കുന്നത്. ബിജെപി പറയും യുഡിഎഫ് ഏറ്റെടുക്കും. ബിജെപിക്ക് അറിയാതിരിക്കാം. കുഞ്ഞാലിക്കുട്ടിക്ക് ഇത് അറിയാതെ ഇരിക്കില്ല. സംസ്ഥാനത്ത് 2013 ആഗസ്റ്റ് 24 മുതൽ ഈ പറയുന്ന ഫയൽ പ്രൊസസിങ് ഇ-ഓഫീസ് വഴി നടത്താമെന്ന് ഉത്തരവിറക്കി. അന്ന് മുതൽ ഇത് നടക്കുന്നതാണ്. കുഞ്ഞാലിക്കുട്ടി അത് ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്നാൽ മനസിലാക്കാത്തതല്ല. കോൺഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്. മുൻപന്തിയിൽ നിൽക്കണമെന്ന് ലീഗിന് തോന്നുന്നുണ്ടാകും.ഗവേഷണം നടത്തി കണ്ടെത്തിയതായിരിക്കും ഇത്. 2018 ലേക്ക് പോകണമെങ്കിൽ അത് തീരെ അറിയാതെവില്ല. കുറച്ച് സമയത്തേക്ക് പുകമറ നിൽക്കട്ടെ എന്ന് കരുതിക്കാണും.

ഫയൽ ബിജെപി നേതാക്കൾക്ക് എങ്ങനെ കിട്ടിയെന്ന് പരിശോധിക്കാം. ക്യആർ കോഡ് സ്കാൻ ചെയ്യുന്നത് കോഴിക്കോട് വിജയകരമായി നടപ്പിലാക്കി. മറ്റ് വിശദാംശങ്ങൾ പിന്നീട് പരിഗണിക്കാം. ഐ പാഡിൽ ഫയൽ വരും. അതിൽ ഇടുന്നത് ഡിജിറ്റൽ ഒപ്പ് തന്നെയാണ്. 2018 ലെ ഫയൽ, മലയാള ഭാഷ ദിനാചരണത്തിന്‍റേത് രഹസ്യ ഫയലല്ല. ഏത് വഴിക്കാണ് പോയതെന്ന് പരിശോധിക്കാം. വിദേശത്ത് നിന്ന് ഒപ്പിടാൻ നേരത്തെ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഫയൽ പ്രൊസസിങിന് ഇ-സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാമെന്നാണ്. തിരുവനന്തപുരത്തിന് പുറത്തായിരുന്നപ്പോഴെല്ലാം ഇത് ഉപയോഗിച്ചു. അതിൽ തെറ്റില്ല.

നാട്ടില്‍ സമാധാനത്തിന് ഭംഗം വരുന്ന രീതിയിലാണ് ഇരട്ട കൊലപാതകം നടന്നത്. അക്കാര്യത്തിൽ കൂടുതല്‍ കാര്യങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏത് കാര്യവും അന്വേഷണ ഏജൻസി അന്വേഷിക്കും. അവർ അന്വേഷിക്കട്ടെ. ആർക്കെതിരെ എന്നല്ല. അത് അവർ അന്വേഷിച്ച് ഏതാണ് തെറ്റെന്ന് കണ്ടെത്തട്ടെ.

ലഹരിക്കടത്ത്

അതിൽ സർക്കാർ പ്രതികരിക്കേണ്ടതല്ല. അക്കാര്യത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്. അക്കാര്യം ബന്ധപ്പെട്ട ഏജൻസി അന്വേഷിക്കട്ടെ.

ഡ്രീം കേരള പദ്ധതി- കൊവിഡ് പല പരിപാടികളെയും തടസപ്പെടുത്തി. വേഗത കുറച്ചു. വലിയ തോതിൽ ശ്രമം നടക്കുന്നുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ അതിനെ കുറിച്ചും പറയും. കൊവിഡ് വ്യാപനം തടസമായി.

Follow Us:
Download App:
  • android
  • ios