പത്തനംതിട്ട: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ്  കോടതിയിൽ സമർപ്പിച്ചത്.

സെപ്തംബർ മാസം ഒന്‍പതിനാണ് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. 

സംഭവം കഴിഞ്ഞ്  പെൺകുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നവരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു.