തിരുവനന്തപുരം: കൊവിഡ് രോഗം മുക്തമായ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കാനിരിക്കെ കൊവിഡ് ബാധിതൻ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആത്മഹത്യ ശ്രമം നടന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവാവാണ് ആത്‍മഹത്യാ ശ്രമം നടത്തിയത്. ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്ന് ഡിസ്‌ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെ രോഗി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് ഡോക്ടർമാർ എത്തുമ്പോഴേക്കും ഇയാൾ ശുചിമുറിയിൽ കയറി കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയിരുന്നു.

വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ   ഇയാളെ ഉടനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സഹോദരൻ മരണപ്പെട്ടതിൻ്റെ മനോവിഷമത്തിലായിരുന്നു ഇയാളെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ മനോരോഗ വിദഗ്ധർ പരിശോധിക്കുകയും ചെയ്തു. എന്നാൽ രോഗം ഭേദമായതിനാൽ ഡിസ്ചാർജ് ചെയ്യുന്നുവെന്ന വിവരം അറിഞ്ഞതുമുതൽ വിഷാദാവസ്ഥയിലായി, ഈ മാസം പതിനൊന്നാം തീയതി രോഗമുക്തനായ ശേഷം ആശുപത്രിയിൽ ക്വാറൻ്റൈനിലായിരുന്നു. ഞായറാഴ്ചയും മനോരോഗ വിദഗ്ധൻ പരിശോധിക്കാനെത്തിയപ്പോൾ ശുചി മുറിയിലായിരുന്നു. ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനാൽ ജീവനക്കാർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ആത്മഹത്യാ ശ്രമം കണ്ടത്.