കണ്ണൂർ: കൊവിഡ് രോഗബാധയ്ക്ക് ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ പ്രസവശസ്ത്രക്രിയ നടത്തിയ പരിയാരം മെഡിക്കൽ കോളേജ് രചിച്ചത് വേറിട്ട നേട്ടം. ദിവസങ്ങളായി കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്ന യുവതിയുടെ രണ്ട് ദിവസം മുൻപ് നടത്തിയ സാംപിൾ പരിശോധന നെഗറ്റീവായിരുന്നു. എന്നാൽ പൂർണഗർഭിണിയായ ഇവരെ പ്രസവശേഷം വീട്ടിലേക്ക് വിടാം എന്ന് ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. 

സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. ഇവരുടെ പരിശോധന ഫലം ഇപ്പോൾ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നൽകുന്ന വിവരം. ഏപ്രിൽ 24 വരെ നിരീക്ഷണത്തിൽ നിർത്തിയ ശേഷം യുവതിയെ വീട്ടിലേക്ക് വിടാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. 

കൊവിഡ് ചികിത്സയിലായിരുന്ന യുവതിയുടെ പ്രസവം അഭിമാന നിമിഷമാണെന്ന് പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിൻ്റെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്നും ഡോ.റോയ് അറിയിച്ചു. 

എല്ലാ പരിരക്ഷയോടെയമുള്ള സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്ത് എടുത്തത്. യുവതിയുടെ നിലവിലെ ഫലങ്ങൾ നെ​ഗറ്റീവാണെന്നും കുറച്ചു ദിവസം ഐസൊലേഷനിൽ നി‍ർത്തിയ ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് മാറ്റുമെന്നും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ റോയ് അറിയിച്ചു. 

ഇന്ന് ഉച്ചയ്ക്ക് 12.20നാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ആകെ അഞ്ച് ​ഗ‍ർഭിണികളാണ് പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേ‍ർ നേരത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു.