സൺ ഗ്രൂപ്പ് തലവൻ കലാനിധി മാരന്‍റെയും സിഇഒ കാവ്യ മാരന്‍റെയും ഉടമസ്ഥതയിലുള്ള ടീം ഒരു പാക് താരത്തെ വാങ്ങിയത് ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലണ്ടൻ: ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹണ്ട്രഡ്' ടൂർണമെന്‍റിന്‍റെ താരലേലത്തില്‍ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ ടീമിലെടുത്ത് ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ലീഡ്സ്. ടി20 ലീഗുകളിൽ പാകിസ്ഥാൻ താരങ്ങളെ ടീമിലെടുക്കുന്നതിൽ ഇന്ത്യൻ ഫ്രാഞ്ചൈസികള്‍ തുടരുന്ന അലിഖിത വിലക്ക് ലംഘിച്ചാണ് കാവ്യ മാരന്‍റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്സ് അബ്രാറിനെ ടീമിലെത്തിച്ചത്. അബ്രാറിനെ ടീമിലെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കാവ്യക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.

ലേലത്തിൽ ട്രെന്‍റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിൽ 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) സൺറൈസേഴ്സ് 27-കാരനായ അബ്രാർ അഹമ്മദിനെ ടീമിലെത്തിച്ചത്. കാവ്യയും ലേലത്തില്‍ പങ്കെടുത്തിരുന്നു. പാകിസ്ഥാനായി 46 ടെസ്റ്റുകളും 28 ഏകദിനങ്ങളും 52 ടി20കളും കളിച്ചിട്ടുള്ള അബ്രാർ, അടുത്തിടെ നടന്ന 2026 ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Scroll to load tweet…

സൺ ഗ്രൂപ്പ് തലവൻ കലാനിധി മാരന്‍റെയും സിഇഒ കാവ്യ മാരന്‍റെയും ഉടമസ്ഥതയിലുള്ള ടീം ഒരു പാക് താരത്തെ വാങ്ങിയത് ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയെ നിരന്തരം പരിഹസിക്കുന്ന പാക് താരങ്ങളെ എന്തിന് ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീമുകൾ പിന്തുണയ്ക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.

ഐപിഎല്ലിലും ദക്ഷിണാഫ്രിക്കൻ ലീഗിലും പാക് താരങ്ങളെ ഒഴിവാക്കുന്ന ഇന്ത്യൻ ടീമുകൾ ഇവിടെ മാത്രം എന്തിന് ഈ തീരുമാനം എടുത്തു എന്ന് ആരാധകരും ചോദിച്ചു. ഇന്ത്യൻ ഫ്രാഞ്ചൈസികള്‍ 'ദി ഹണ്ട്രഡ്' ടീമുകളെ ഏറ്റെടുത്തതോടെ പാക് താരങ്ങൾ ഒഴിവാക്കപ്പെടുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ വിവേചനരഹിതമായ ലേലം ഉറപ്പാക്കുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

ലേലത്തിൽ പങ്കെടുത്ത പാക് താരങ്ങളിൽ ഹാരിസ് റൗഫ്, സയിം അയൂബ്, ഷദാബ് ഖാൻ എന്നിവർ അൺസോൾഡ് ആയപ്പോൾ അബ്രാറിനെ കൂടാതെ ഉസ്മാൻ താരിഖ് (ബെർമിംഗ്ഹാം ഫീനിക്സ്) മാത്രമാണ് ലേലത്തിൽ വിറ്റുപോയത്. പാക് താരത്തെ ടീമിലെടുത്ത സൺറൈസേഴ്സിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്‍റെ അനുമതി കൂടി ലഭിച്ചാൽ മാത്രമേ അബ്രാറിന് ടൂർണമെന്‍റിൽ കളിക്കാനാകൂ.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക