തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും. ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്. തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്ക്കരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ്  ഉദ്യോഗസ്ഥർ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാൻ തീരുമാനിച്ചത്. വോട്ടിനായി അപേക്ഷിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. 

അധ്യക്ഷപദവിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കും. ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലുമാണ് മാറ്റമുണ്ടാകുക.
സർക്കാരിന്റെ ഏതെങ്കിലും ഓദ്യോഗികസ്ഥാനം വഹിക്കുന്നവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകുന്നതിന് തൊട്ട് മുൻപ് രാജി വച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.