Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനത്തിൽ മഹനഗരങ്ങൾക്ക് അരികെ തിരുവനന്തപുരവും; 1500 വരെ പ്രതിദിന രോഗികൾക്ക് സാധ്യത

നിരവധി തവണ അടച്ചിട്ടിട്ടും തിരുവനന്തപുരത്ത് കേസുകൾ കുറയാത്തതിന് പ്രധാന കാരണം സമൂഹവ്യാപനം ഉണ്ടായ ഇടങ്ങളിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ പരിശോധിക്കാതെ വിട്ടതാണ് എന്ന് ജില്ലാഭരണകൂടം തന്നെ വിലയിരുത്തുന്നുണ്ട്. 

covid patients number in trivandrum is increasing
Author
Trivandrum, First Published Sep 21, 2020, 7:23 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ മുംബൈയെയും ചെന്നൈയെയുംക്കാൾ ഗുരുതര നിലയിൽ തിരുവനന്തപുരത്തെ കണക്കുകൾ. ദശലക്ഷം പേരിലെ കൊവിഡ് ബാധയിൽ  ഇരു നഗരങ്ങള്‍ക്കും മുകളിലാണ് തിരുവനന്തപുരം. അടുത്ത രണ്ടാഴ്ചയിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം പാരമ്യത്തിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

സെപ്റ്റംബർ 12 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5211 കൊവിഡ് പോസിറ്റീവ് കേസുകളാണ്. കേരളത്തിൽ 25,556 കേസുകളും. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി ശതമാനം  9.1 ആയിരിക്കെ തിരുവനന്തപുരത്ത് ഇത് 15 ശതമാനമാണ്.  രോഗവ്യാപന തോത് കണക്കാക്കാനായി കേസസ്/മില്യൻ ആണ് ലോകവ്യാപകമായി ആശ്രയിക്കുന്ന കണക്ക്.

ഈ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ഓരോ പത്ത് ലക്ഷം പേരിലും 1403 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ  മുംബൈയിൽ ഈ കണക്ക് 1212 ഉം ചെന്നെയിൽ 991 ഉം ആണ്. തിരുവനന്തപുരത്തേക്കാള്‍ മുന്നിലുള്ളത് പുനെ, നാഗ്പൂർ, ബെംഗളൂരു, ഈസ്റ്റ് ഗോദാവരി, ദില്ലി, നസിക് എന്നീ നഗരങ്ങൾ മാത്രമാണ്. ഇങ്ങനെ ജനസംഖ്യ ആനുപാതികമായി കണക്ക് പരിശോധിച്ചാൽ തിരുവനന്തപുരത്തെ സ്ഥിതി മുംബൈയും ചെന്നൈയുംക്കാൾ ഗുരുതരമാണെന്ന് കണക്കുകൾ തെളിയിക്കുന്നു. രണ്ട് ആഴ്ചയ്ക്ക് മുമ്പ് നഗരപരിധിയിൽ 100 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ  450ൽ അധികം രോഗികൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.

ദശലക്ഷം പേരിലെ രോഗകണക്ക് ഗുരുതരമെങ്കിലും മരണനിരക്ക് പിടിച്ചുനിർത്താനാകുന്നു എന്നതാണ് കേരളത്തിന്‍റെ നേട്ടം. നിരവധി തവണ അടച്ചിട്ടിട്ടും തിരുവനന്തപുരത്ത് കേസുകൾ കുറയാത്തതിന് പ്രധാന കാരണം സമൂഹവ്യാപനം ഉണ്ടായ ഇടങ്ങളിൽ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ പരിശോധിക്കാതെ വിട്ടതാണ് എന്ന് ജില്ലാഭരണകൂടം തന്നെ വിലയിരുത്തുന്നുണ്ട്. അടുത്ത രണ്ടാഴ്ചയിൽ തലസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 1500 ലേക്ക് എത്തും എന്നാണ് നിഗമനം. പരമാവധി രോഗികളെ  വീടുകളിൽ പാർപ്പിച്ചും, ഐസിയു ബെഡുകളുടെ എണ്ണം  കൂട്ടിയും പ്രതിസന്ധി മറികടക്കാനാണ് സർക്കാർ ശ്രമം.
 

Follow Us:
Download App:
  • android
  • ios