Asianet News MalayalamAsianet News Malayalam

രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; കോഴിക്കോട്ട് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ മൂന്നിടത്ത്

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചത് രണ്ടായിരത്തിലേറെ പേര്‍ക്കാണ്. രണ്ടു ദിവസത്തിനിടെ മാത്രം രോഗബാധിതരായത് 948 പേര്‍. 

covid patients number increase in kozhikode
Author
Kozhikode, First Published Sep 19, 2020, 7:26 AM IST

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്ന സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തില്‍ മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുന്നു. മൂന്നിടത്താണ് മെഗാ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുറക്കുക. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ജില്ലയിലെ അഗതി മന്ദിരങ്ങളില്‍ പ്രവേശം കര്‍ശനമായി നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചത് രണ്ടായിരത്തിലേറെ പേര്‍ക്കാണ്. രണ്ടു ദിവസത്തിനിടെ മാത്രം രോഗബാധിതരായത് 948 പേര്‍. കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന് തിരിച്ചറിഞ്ഞുളള മുന്നൊരുക്കങ്ങളാണ് കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും നടത്തുന്നത്. നഗരത്തില്‍ പ്രധാന വ്യാപാര മേളകള്‍ നടക്കുന്ന കനോലി കനാലിനു തീരത്തെ സരോവരം ട്രേഡ് സെന്‍ററാണ് മെഗാ കൊവിഡ് സെന്‍ററാക്കുന്ന പ്രധാന കേന്ദ്രം. 

ആദ്യ ഘട്ടത്തില്‍ 600 കട്ടിലുകളാണ് ഇവിടെ ഒരുക്കുക. കോര്‍പ്പറേഷനു കീഴിലുളള ഇന്‍ഡോര്‍ സ്റ്റേഡിയവും നഗരത്തിലെ തന്നെ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററും ഉടന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളാക്കും. കോഴിക്കോട് ജില്ലയില്‍ നിലവില്‍ 18 ഫസ്റ്റലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളുണ്ട്. മെഡിക്കല്‍ കോളജിനു പുറമെ പ്രധാന സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികില്‍സ നല്‍കുന്നുണ്ടെങ്കിലും അനുദിനം രോഗികളുടെ എണ്ണം പെരുകുന്നത് ആശങ്കയാണ്. 

50 വയസില്‍ താഴെ പ്രായമുളള ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്ക് വീടുകളിലും ചികില്‍സ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കൊവിഡിനോടുളള പഴയ പേടി ജനങ്ങള്‍ക്ക് ഇപ്പോളില്ലാത്തത് വെല്ലുവിളിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. വടകര എടച്ചേരിയിലെ അഗതി മന്ദിരത്തില്‍ പുറമെ നിന്നെത്തിയ രണ്ട് പേരില്‍ നിന്ന് 90ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ അഗതിമന്ദിരങ്ങളിലെ പ്രവേശനം നിയന്ത്രിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios