ഇതുവരെ പൊലീസ് ശേഖരിച്ച മുഴുവൻ ഫോൺ വിളികളുടെ വിശദാംശവും മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺ വിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ ഹർജി നൽകി. ഇതുവരെ പൊലീസ് ശേഖരിച്ച മുഴുവൻ ഫോൺ വിളികളുടെ വിശദാംശവും മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ പരിഗണിക്കും.
കൊവിഡ് രോഗികളുടെ ഫോൺ വിളി വിശദാംശങ്ങൾ വേണ്ടെന്നും ടവർ ലൊക്കേഷൻ മാത്രം മതിയെന്നുമാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. നിലവിൽ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് മാറ്റം അറിയിച്ചത്.
രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ നടപടി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഇങ്ങനെയുള്ള വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കൊവിഡ് രോഗികളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനായി കോൾ ഡേറ്റാ റെക്കോഡുകൾ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സർക്കാർ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു. വിവരശേഖരണത്തിനായി ടവർ ലൊക്കേഷൻ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ ശേഖരിക്കുന്നുള്ളു എന്നും സർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം കേസിൽ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ കോടതി ഈ ഹർജി തീർപ്പാക്കാനാണ് സാധ്യത. അതിനിടെയാണ് പുതിയ ഹർജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
