കൊച്ചി: മുംബൈയിൽ നിന്നും എത്തിയ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള വൃദ്ധയുടെ നില അതീവ ഗുരുതരം. 

ഇന്നലെ മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിയ 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാംപിൾ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പം യാത്ര ചെയ്തവരെ ക്വാറൻ്റൈൻ ചെയ്തു. 

വിശദമായ പരിശോധനയിൽ രോഗിക്ക് പ്രമേഹം മൂർച്ഛിച്ചത് മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും,  ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും കണ്ടെത്തി ഇവരുടെ വൃക്കകളുടെയും, ഹൃദയത്തിന്റെയും  പ്രവർത്തനത്തിൽ സാരമായ  പ്രശ്നങ്ങളുള്ളതായും  കണ്ടെത്തിയിട്ടുണ്ട്. 

ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി  തുടരുകയാണെന്ന് ഡോക്ടർമാർ അറിയിക്കുന്നു. തൃശ്ശൂർ സ്വദേശിനിയായ ഇവരെ സ്ക്രീനിംഗ് ടെസ്റ്റിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്.