തിരുവനന്തപുരം: ഗുരുതരാവസ്ഥയില്ലാത്ത കൊവിഡ് രോഗികളെ വീട്ടിൽത്തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ.  കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നത് മുന്നിൽക്കണ്ടാണിത്.  ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൂടിയതോടെ തിരുവനന്തപുരത്ത് ജാഗ്രത ശക്തമാക്കി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടുദിവസവും കൊവിഡ് രോഗികളുടെ എണ്ണം നൂറുകടന്നു. പ്രതിദിന കണക്ക് 152 ലെത്തി. ഇതിനിയും കൂടിയേക്കും. 

ആഗസ്റ്റ് മധ്യത്തോടെ കണക്കുകള്‍ 12,000 ത്തിന് മുകളിൽ എത്താമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഈ നിലയിലേക്കെത്തിയാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്നത് ഒഴിവാക്കാനാണ് മുൻകൂട്ടിയുള്ള ഒരുക്കം. കൊവിഡ് ഗുരുതരമായി ബാധിക്കാവുന്നത് 3 മുതൽ 5 ശതമാനം പേരെ മാത്രമാണെന്നിരിക്കെ ആശുപത്രികളിൽ ഇവർക്കാകും മുൻഗണന. നേരിയ ലക്ഷണമുള്ളവർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാണ്.  60 ശതമാനം പേർക്കും ലക്ഷണങ്ങളേയില്ലാത്തതിനാൽ അധികം പേരെയും വീടുകളിൽത്തന്നെ ചികിത്സിക്കാനാകും. നിലവിൽ തുടർച്ചയായി 300 ലധികം പേരെ ദിവസവും പുതുതായി അഡ്മിറ്റ് ചെയ്യുന്നുണ്ട്.

  സംസ്ഥാനത്ത്‌ ആദ്യമായി പ്ലാസ്‌മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ്‌ മുക്തി

അതേസമയം, ഉറവിടമില്ലാത്ത കേസുകളും സമ്പർക്കത്തിലൂടെയുള്ള വ്യാപനവും കൂടിയതോടെ തിരുവനന്തപുരത്ത് നടപടികൾ ശക്തമാണ്.  ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേര്‍ക്ക് വൈറസ് ബധയുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച മണക്കാട് സ്വദേശിയായ വിഎസ്എസ്സി ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. വള്ളക്കടവ് സ്വദേശിയായ മുന്‍ വിഎസ്എസ്എസി ജീവനക്കാരന്‍ രോഗം സ്ഥരീകരിക്കുന്നതിന് മുമ്പ് കുളത്തൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരുടേയും  സമ്പര്‍ക്ക പട്ടിക ഉടന്‍ തയ്യാറാക്കും. നേരത്തേ രോഗം പിടിപെട്ട മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ സമ്പര്‍ക്കത്തിലൂടെ രോഗം കിട്ടിയവരുടെ എണ്ണം ആറായി. ഇദ്ദേഹവുമായി അടുത്തിടപഴകിയ 869 പേരുടെ സാമ്പളുകളുടെ ഫലം കിട്ടാനുണ്ട്. കണ്ടയ്മെന്‍റ് സോണുകളില്‍ നഗരസഭ അണുനശീകരണം നടത്തി.