Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് അധ്യാപക നിയമന പരീക്ഷ, പൊലീസ് കേസെടുത്തു

സിഎസ്ഐ സഭയുടെ 136 സ്ക്കൂളുകളിൽ ഒഴിവുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പരീക്ഷ നടത്തിയത്

covid protocol violation in kottayam Teacher Recruitment Examination
Author
Kottayam, First Published Oct 10, 2020, 4:48 PM IST

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സിഎസ്ഐ മധ്യ കേരള മഹാ ഇടവക കോർപറേറ്റ് മാനേജർ ടി ജെ മാത്യുവിനെ പ്രതിയാക്കിയാണ് കേസ് എടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനു നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ എം അഞ്ജന പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

സിഎസ്ഐ സഭയുടെ 136 സ്ക്കൂളുകളിൽ ഒഴിവുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പരീക്ഷ നടത്തിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ സ്ക്കൂളിലായിരുന്നു പരീക്ഷ. സംസ്ഥാനത്തിൻറെ വിവിധ ഭാഗത്തു നിന്നായി മുന്നൂറ്റി മുപ്പത്തിയഞ്ചു പേർക്കാണ് ഹാൾ ടിക്കറ്റ് നൽകിയത്. ഇതിൽ മുന്നൂറു പേരോളം പരീക്ഷക്കെത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെയാണ് പരീക്ഷക്ക് എത്തിയവരെ കടത്തി വിട്ടത്. ഇതോടെ സ്ക്കൂൾ മുറ്റത്ത് വലിയ ആൾക്കൂട്ടമായി. മാധ്യമ പ്രവർത്തകർ എത്തിയതോടെ അധികൃതരെത്തി അകലം പാലിക്കാൻ നിർദ്ദേശം നൽകി. പൊലീസും  എത്തി. 

കൊവിഡ് കാലത്ത് ഇത്തരത്തിൽ പരീക്ഷ നടത്തുന്നത് സിഎസ്ഐ മഹായിടവക എക്സിക്യൂട്ടീവിൽ ഭൂരിഭാഗവും എതിർത്തിരുന്നു. ജില്ലാ ഭരണകൂടത്തിൻറെ അനുമതിയോടെ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് പരീക്ഷ നടത്തിയതെന്നാണ് സിഎസ്ഐ അധികൃതരുടെ വിശദീകരണം. അതേ സമയം ഒരു സമയം ഇരുപതു പേരെ മാത്രമേ കടത്തി വിടാവൂ എന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകിയാണ് അനുമതി നൽകിയതെന്നാണ് ജില്ല കളക്ടർ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios