പാലക്കാട്: ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകൾ വോട്ട് ചെയ്യാനെത്തിയതോടെ മന്ത്രി എ കെ ബാലന്റെ ബൂത്തിൽ ബഹളം. പാലക്കാട് നഗരസഭയുടെ ഭാഗമായ പറക്കുന്നം എൽ ഡി പി എസിന് മുന്നിലാണ് ബഹളം നടന്നത്. തിരക്കിനെ ചൊല്ലിയുള്ള തർക്കം യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിലെ വാക്കേറ്റത്തിൽ വരെയെത്തി. മന്ത്രി ബാലൻ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. 

കൊവിഡിനെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശം നിലനിൽക്കേയാണിത്. സാമൂഹിക അകലമില്ലാത്തത് അപകടം ചെയ്യുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. മന്ത്രി അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇവർ തിരക്ക് നിയന്ത്രിച്ചു. 45 മിനിറ്റോളം കാത്തുനിന്നാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. അര മണിക്കൂറോളം നേരം ആളുകൾ സാമൂഹിക അകലം പാലിച്ചിരുന്നില്ല. ഭാര്യ ഡോ ജമീലക്കും മകനുമൊപ്പമാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്.